ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ വിഫലം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ വിഫലം

കോട്ടയം: റാന്നി കൊല്ലമുളയില്‍നിന്നു കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. 

വ്യാഴാഴ്ച വീണ്ടും തിരച്ചില്‍ നടത്തും. ബെംഗളരൂവിന് അടുത്തു ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്നയെ കണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജെസ്ന ഇവിടെയെത്തിയതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആശ്വാസഭവന് അടുത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ജെസ്നയുടെ ചിത്രം ലഭിച്ചില്ല. ജെസ്നയെ കണ്ടതായി പറയുന്ന ആളെ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ജെസ്നയെ കണ്ടുവെന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. ജെസ്ന ചികില്‍സതേടിയെന്നു കരുതുന്ന ആശുപത്രിയിലെ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. 

കൂടുതല്‍ വിഡിയോ ക്യാമറകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പത്തനംതിട്ട എസ്പി പറഞ്ഞു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരുവല്ല സിഐ, എസ്ഐ, വനിതാ സിഐ, പെരിനാട് സിഐ എന്നിവരുടെ സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. സൈബര്‍സെല്ലും സഹകരിക്കുന്നുണ്ട്.

ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെയും മലയാളിയായ യുവാവിനെയും കണ്ടതായാണു പൊലീസിനും ബന്ധുക്കൾക്കും വിവരം ലഭിച്ചത്. യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതായും ഇവർ ബെംഗളൂരുവിനടുത്ത് ചികിൽസ തേടിയെന്നുമാണു ലഭ്യമായ വിവരം.

 ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസഭവൻ എന്ന സ്ഥാപനത്തിൽ ഇവർ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നൽകുമോയെന്ന് മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. ആശുപത്രി വിട്ട ഇവർ മൈസൂരുവിലേക്കു പോകുമെന്നു പറഞ്ഞതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.