എന്നെ വീൽചെയറിലിരുത്തി തള്ളിനടക്കാൻ പ്രായമായ അച്ഛനും അമ്മയും തയ്യാറാണ്, പക്ഷേ അവർ പണിക്ക് പോകാതിരുന്നാൽ വീട്ടിൽ പട്ടിണിയാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്നെ വീൽചെയറിലിരുത്തി തള്ളിനടക്കാൻ പ്രായമായ അച്ഛനും അമ്മയും തയ്യാറാണ്, പക്ഷേ അവർ പണിക്ക് പോകാതിരുന്നാൽ വീട്ടിൽ പട്ടിണിയാകും

കൊണ്ടുനടക്കുവാൻ ആരുമില്ലാത്ത എനിക്കൊരു ഇലക്ട്രിക് വീൽ ചെയർ വേണം, തളർന്ന ശരീരത്തെ വളഞ്ഞ കയ്യുമായി നേരിട്ട് ഞാനുണ്ടാക്കിയ വിത്ത് പേനകൾ മണ്ണിൽ നാമ്പെടുക്കുന്നത് കാണണം. എന്ത് മനോഹരമായ കാഴ്ച്ചയാകുമത്. കാണാൻ കണ്ണുണ്ടായിട്ടും കയ്യും കാലും മരവിച്ച് പോയ ഞങ്ങളെ പോലുള്ളവരുടെ സങ്കടം ആരു കാണാനാണ്? 

ഒരു ചെടി വളർന്നു വരുന്നതും , ഇലയും പൂവും കായും ഉണ്ടാകുന്നതുമൊക്കെ പ്രകൃതിയുടെ വരദാനമാണ്. എന്നെപോലുള്ളവർ വീടിന്റെ ചുമരിലെ പല്ലിയും പാറ്റയും, ഇളകി വരുന്ന കുമ്മായവും ഒക്കെ കണ്ട് കാലം കഴിക്കേണ്ടി വരുന്നത് ജീവിച്ചിരിക്കുമ്പോൾ മരിച്ചതിന് തുല്യമാണ്. ഇത് പ്രമോദിന്റെ മാത്രം സങ്കടമല്ല, ഇതേ അവസ്ഥയിലുള്ള അനേകരുടെ നൊമ്പരമാണിത്. എല്ലാ സങ്കടങ്ങളേയും ഉള്ളിലൊതുക്കി പ്രമോദ് പുഞ്ചിരിയോടെ ജീവിതത്തെ നേരിടാൻ പഠിച്ചിരിക്കുന്നു. 

നാലര വയസിൽ പോളിയോ വന്ന് ശരീരം തളർന്ന പ്രമോദിന്റെ സ്വപ്നം ഭൂമിയിലെങ്ങും പച്ചപ്പ് തന്നാലാവും വിധം തിരിച്ച് കൊണ്ടുവരുക എന്നതാണ്. ജീവിതോപാധിയെന്ന നിലയിലും, പാഴാക്കി കളയുന്ന വസ്തുക്കളിൽ നിന്നാണെങ്കിലും ഒരു ചെടിയെങ്കിലും മുളച്ച് വരണമെന്ന വാശിയോടെ വിത്ത് പേപ്പർ പേനകൾ തയ്യാറാക്കുകയാണ് പാലക്കാട് കഞ്ചിക്കോട് എടുപ്പുകുളത്തുളത്ത് വിശ്വനാഥന്റെയും, ജാനകിയുടെയും നാലുമക്കളിൽ ഒരാളായ പ്രമോദ്.


1981 ലാണ് പ്രമോദ് ജനിച്ചത്. നാലര വയസിൽ പോളിയോ വന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ട്ടപ്പെട്ട വ്യക്തിയാണ് പ്രമോദ്. നാലുമക്കളെ പോറ്റാനായി അച്ഛൻ തയ്യൽ ജോലിയും,അമ്മ കൂലിപ്പണിക്കും പോകുന്നയിടയിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നടത്താൻ ഇദ്ദേഹത്തിനായില്ല. 

രോ​ഗം എന്തെന്നും അതിന്റെ ഭീകരതയും ഒക്കെ മനസിലാക്കാൻ കുറച്ചുനാൾ എടുക്കേണ്ടി വന്നെന്ന് പ്രമോദ് പറയുന്നു. ആൾക്കാരുടെ സഹതാപം നിറഞ്ഞ നോട്ടവും, പരിഹാസവുമൊക്കെ പ്രമോദിന് മുന്നോട്ട് ജീവിക്കാനായുള്ള ഇന്ധനം ആയിതീർന്നെന്നു പറയാം. ഒരു കൈ വളഞ്ഞുപോയതിനാൽ ആകെ ആശ്വാസമായുള്ളത് ദൈവം ഒരു കുഴപ്പവും വരുത്താതെ ബാക്കി വച്ച കൈയാണെന്ന് ആശ്വാസത്തോടെ ഇദ്ദേഹം പറയുന്നു. ഈ കൈ വച്ചാണ് വിത്ത് നിറച്ച് പേന ഉണ്ടാക്കിയെടുക്കുന്നത്. നിങ്ങൾ മഷി തീർന്ന പേന മണ്ണിൽ കളയുമ്പോൾ ഒരു നാൾ ചെടിയായി. മരമായി അത് വീണ്ടും മുളച്ച് പ്രകൃതിക്ക് തണലാവുന്നു.  


ജീവിതം എല്ലാ അർഥത്തിലും തോൽപ്പിക്കുമെന്ന് ദൃഡനിശ്ചയമെടുത്തപോലെ വന്നപ്പോഴും ചെറുപുഞ്ചിരിയോടെ നോക്കികാണാനാണ് പ്രമോദ് അന്നും ഇന്നും ഇഷ്ട്ടപ്പെടുന്നത്. അമ്മക്കും അച്ഛനും 75നും 65 നും മേലെ പ്രായമുണ്ട്. പ്രമോദിനെ വീൽചെയറിലിരുത്തി ഉന്തി നടക്കാൻ അവർക്ക് ആവതില്ല. മനസിൽ അങ്ങനെ ആ​ഗ്രഹമുണ്ടെങ്കിലും അവരുടെ അവശതകൾക്കിടയിലും വീൽ‌ചെയറിലിരുത്തി ഉന്തി നടന്നാൽ വീട്ടിൽ തീ പുകയില്ല എന്നതിനാൽ പുറം ലോകം കാണാൻ ആ​ഗ്രഹമുണ്ടായിട്ടും പ്രമോദ് തന്റെ ജീവിതത്തെ വീടിനകത്തും, ചുമരുകൾക്കിടയിലും തളച്ചിട്ടിരിക്കുകയാണ്. 

മഴ കാണാനും , വെയിൽ കാണാനും എനിക്ക് ആ​ഗ്രഹമുണ്ട്. ഭൂമി സുന്ദരമാണെന്ന് അറിയാമെങ്കിലും അതൊന്ന് വല്ലപ്പോഴും കാണാൻ പറ്റുക സുഹൃത്തുക്കൾ പുറത്ത് കൊണ്ടുപോവുമ്പോഴാണ്. ശരീരം തളർന്നെങ്കിലും ഇങ്ങനെ മനസ് തളരാതെ സ്വപ്നങ്ങളെ നെഞ്ചിലൊതുക്കി കാലം കഴിക്കുന്നവർ എത്രയോ പേരുണ്ടാകുമെന്ന് തളരാത്ത വീര്യത്തോടെ പ്രമോദ് ചോദിക്കുന്നത് നമ്മളോരോരുത്തരോടുമാണ്.

ഇനിയാണ് പാതി ചലനമറ്റതെങ്കിലും സഹജീവികളോട് സ്നേഹമുള്ള പ്രമോദിന്റെ നല്ല മനസിന്റെ ആഴം വ്യക്തമാകുക. നല്ലവരായ ആൾക്കാർ സഹായിച്ച് ഒന്നല്ല രണ്ട് സാധാരണ രീതിയിലുള്ള വീൽ ചെയറുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഒരെണ്ണം 4 വർഷത്തോളമായി ഉപയോ​ഗിക്കുക പോലും ചെയ്യാതെ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്, പണ്ടു മുതലേ ഉപയോ​ഗിക്കുന്ന ഒരു വീൽ ചെയറാണ് പ്രമോദ് ഉപയോ​ഗിക്കുന്നത്. പാവപ്പെട്ട ആരെങ്കിലും എത്തിയാൽ ഇതുവരെ ഉപയോ​ഗിക്കാത്ത വീൽ ചെയർ സ്വന്തമായി നൽകണമെന്ന ആ​ഗ്രഹവും പ്രമോദ് വ്യക്തമാക്കി. 


ഒാർഡറുകൾ കിട്ടിയാൽ അതിനനുസരിച്ച് വിത്ത് പേനകൾ ഇദ്ദേഹം തയ്യാറാക്കി നൽകും. സാധാരണ വിത്ത് പേനകൾ 8 രൂപയ്ക്കും , കല്ല്യാണത്തിനും , ഒാഫീസ് ആവശ്യങ്ങൾക്കും ഉള്ളവ സ്റ്റിക്കർ പതിച്ച് 10 രൂപയ്ക്കുമാണ് പ്രമോദ് തയ്യാറാക്കി നൽകുന്നത്. മരങ്ങളുടെയും ., ചെടികളുടെയും വിത്തുകൾ നിറച്ചാണ് ഇത്തരം പേനകൾ തയ്യാറാക്കുന്നത്. പ്ലാസ്റ്റിക് കലർന്ന പേനകൾ വാങ്ങി മണ്ണിലേക്ക് വലിച്ചെറിയും മുൻപ് പ്രമോദിനെ പോലുള്ളവർ ജീവിക്കാനും , പ്രകൃതിയെ രക്ഷിക്കാനും നടത്തുന്ന ശ്രമങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. ജീവിതത്തിലെ ആകെയുള്ള സ്വപ്നം ഒരു ഇലക്ട്രിക് വീൽചെയർ മാത്രമാണ്.

സ്വന്തമായി ഒരു വീൽ ചെയർ ഉണ്ടായ‌ിട്ടും മാസങ്ങൾ കൂടി പരസഹായത്തോടെ പുറത്തിറങ്ങുന്ന എനിക്ക് അധികമായി കിട്ടിയത് അർഹതപ്പെട്ട ആർക്കെങ്കിലും ചെന്നു ചേരണമെന്ന് പറയുമ്പോൾ കാരുണ്യവും സഹായങ്ങളും വാക്കുകളിലൊതുക്കാതെ പ്രവൃത്തിയിലൂടെ തെളിയിക്കാൻ സന്നദ്ധരായ പ്രമോദിനെ പോലുള്ളവർ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടെയിരിയ്ക്കും. അല്ലെങ്കിലും പ്രമോദിനെ പോലുള്ളവർ ഒരു മരമാണ്, ചുറ്റുമുള്ളവർക്ക് തന്നാലാവും വിധം തണലാകാൻ കൊതിക്കുന്ന  നൻമയുടെ വലിയ മരം.

ഇലക്ട്രിക് വീൽ ചെയർ നൽകി സഹായിക്കുവാനും, വിത്ത് പേപ്പർ പേനക്കായി ഒാ​ർഡർ നൽകാനുമായി പ്രമോദിനെ വിളിക്കേണ്ട നമ്പർ

MOB: 09846987779