ദുരന്തത്തിനിടയിലും അത്യാർത്തിയോടെ ചിലർ; അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി  പലയിടത്തും പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ദുരന്തത്തിനിടയിലും അത്യാർത്തിയോടെ ചിലർ; അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി  പലയിടത്തും പരാതി

കേരളം മഹാ പ്രളയത്തിൽ പിടയുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ക്യാമ്പുകളിലേക്ക് വെള്ളവും അവശ്യസാധനങ്ങളും എത്തിക്കുന്ന വോളന്റിയര്‍മാരെ ചൂഷണം ചെയ്ത് കടയുടമകള്‍. ക്യാമ്പിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയര്‍ത്തുകയാണിവര്‍. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും പോലും ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.


ക്യാമ്പുകളിലേക്ക് സാധനം എത്തിക്കാൻ   പിരിവെടുത്തും പറ്റുന്ന തുക കൈയില്‍ നിന്നെടുത്തുമാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രമാതീതമായി വ്യാപാരികള്‍ വില ഉയര്‍ത്തിയതോടെ എത്തിക്കുന്ന സാധനങ്ങളുടെ അളവ് കുറഞ്ഞെന്ന് വോളണ്ടിയര്‍മാര്‍ പറഞ്ഞു. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപയോളവും ഒരു കിലോ അരിക്ക് 100 രൂപ വരെയും പല കടയുടമകളും വാങ്ങിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.