നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ പരിചരണത്തിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചതിനെതിരെ പ്രതിഷേധമുയരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ പരിചരണത്തിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചതിനെതിരെ പ്രതിഷേധമുയരുന്നു

സര്‍ക്കാര്‍: നിരാഹാര സമരമിരിക്കുന്ന നിയമസഭാ സാമാജികരെ പരിചരിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെ രാത്രികാലങ്ങളില്‍ നിയോഗിച്ചതിനെതിരെ പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നു വരുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഈ നടപടിക്കെതിരെ കേരള മെഡിക്കല്‍ ഓഫീസേര്‍സിന്റെ സംഘടനയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു വന്നിട്ടുണ്ട്. ഈ നടപടി മൂലം രാത്രികാലങ്ങളില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടാകുന്നു.

ശബരിമല പ്രശ്‌നത്തെതുടര്‍ന്ന് മൂന്ന് യുഡിഎഫ് എംഎല്‍എമാരാണ് നാലു ദിവസമായി നിയമസഭാ പടിക്കല്‍ നിരാഹാര സമരമിരിക്കുന്നത്. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

എംഎല്‍എമാര്‍ സമരമിരിക്കുന്ന നിയമസഭയുടെ 4 കിലോമീറ്റര്‍ ചുറ്റളവിലായി നാലു സര്‍ക്കാര്‍ ആശുപത്രികളുണ്ട്.  ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യമുണ്ടായാല്‍ ഇവിടെ നിന്നും നിയമസഭയിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റും എന്നിരിക്കെ ഇത്തരത്തിലൊരു നടപടി അനാവശ്യമാണെന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.

ഇതിനു മുന്‍പും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിനെതിരെ പലപ്പോഴും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദ്ദം മൂലം ചെറിയ ഉല്‍സവപ്പറമ്പുകളിലേക്കു വരെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ വകുപ്പിന്റെ ഈ നടപടി മൂലം വലയുന്നത് രാത്രികാലങ്ങളില്‍ ചികില്‍സ തേടിയെത്തുന്ന രോഗികളും കൂടെയാണ്.