അന്‍വറിന്റെ പാര്‍ക്കിന് മാലിന്യ നിര്‍മാര്‍ജന  സൗകര്യങ്ങളില്ലെന്ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അന്‍വറിന്റെ പാര്‍ക്കിന് മാലിന്യ നിര്‍മാര്‍ജന  സൗകര്യങ്ങളില്ലെന്ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പാര്‍ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ചട്ടപ്രകാരമുള്ള സൗകര്യങ്ങള്‍ ഒന്നും പാര്‍ക്കില്‍ ഇല്ലെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ചയ്ക്കകം മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചു പൂട്ടുമെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് മലനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തി പരിസ്ഥിതി ലോല പ്രദേശത്താണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ  വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കക്കാടുംപൊയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതിയോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ വാട്ടര്‍ തീം പാര്‍ക്ക് നടത്തിയത്. കക്കാടും പൊയില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടുംപൊയില്‍.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കക്കാടും പൊയില്‍ പഞ്ചായത്ത് വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത്. വാട്ടര്‍ തീം പാര്‍ക്കിന് അനുമതി ലഭിക്കും മുന്‍പേ ടിക്കറ്റ് വച്ച് പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോ എന്നത് ഇതുവരെ പരിശോധിച്ചിട്ടില്ല.മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയിരുന്നു. അനധികൃത നിര്‍മ്മാണ ആരോപണത്തില്‍ ജില്ലാ കളക്ടറും പുഴയില്‍ തടയണ നിര്‍മ്മിച്ച് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയെന്ന ആരോപണങ്ങളില്‍ വനംവകുപ്പും പാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.


LATEST NEWS