അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് രാഹുൽ ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് രാഹുൽ ഗാന്ധി

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍​ഗാന്ധി. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ മാത്രമാണ് സി.പി.എമ്മിന്റെ ശ്രദ്ധ. സി.പി.എമ്മും ബി.ജെ.പിയും എല്ലാകാലത്തും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന ജനമഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കാസര്‍കോട്ട് കൊലപ്പെടുത്തിയത്. ഞാന്‍ നീതിയില്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും. തൊഴില്‍ സൃഷ്ടിക്കുന്നതിനൊന്നും സി.പി.എമ്മിന് താത്പര്യമില്ല. അക്രമം മാത്രമാണ് അവരുടെ പാത. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെടുന്ന കാര്യത്തില്‍ സിപിഎമ്മിന് മറുപടിയില്ല. മൂന്നു ലക്ഷം സ്ത്രീകള്‍ക്കാണ് കശുവണ്ടി മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. റബ്ബര്‍ മേഖല തകര്‍ന്നു. സിപിഎം ജനങ്ങളോട് മറുപടി പറയേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മോദി രാജ്യത്തെ കേള്‍ക്കുന്നില്ല. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലി, ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതാണ്. 

ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ത്തു. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഒരാളുടെ ശബ്ദം മാത്രമാണ് കേട്ടത്.  മോദിയുടെ പ്രസംഗങ്ങളില്‍ അദ്ദേഹം ജനങ്ങളെ അധിക്ഷേപിക്കുന്നു. നല്ലവാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല. അദ്ദേഹത്തിന് ഒരാളോട് മാത്രമാണ് സ്‌നേഹം അത് അനില്‍ അംബാനിയോട് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

തന്റെ മനസ്സില്‍ ഉള്ളത് ജനങ്ങളോട് പറയുക മാത്രമല്ല ജനങ്ങളുടെ മനസറിയാനും അവരെ കേള്‍ക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു


LATEST NEWS