മേഘാവരണം കേരളതീരത്ത് നിന്ന് അകലുന്നു; സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേഘാവരണം കേരളതീരത്ത് നിന്ന് അകലുന്നു; സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം


തിരുവനന്തപുരം: മേഘാവരണം കേരള തീരം വിടുന്നതോടെ സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതും ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ തീരത്തേക്കു മാറുന്നതും മഴ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് കാലാവസ്ഥാ ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നത്.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാപഠന വകുപ്പാണ്  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തിന്റെ തീരത്തോട് അടുത്തുണ്ടായിരുന്ന വലിയ മേഘാവരണം പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഉത്തരേന്ത്യയ്ക്ക് മുകളില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമാകുന്നത്.
ഇതോടെ അതിതീവ്രമായ മഴ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ, വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇത്തരത്തില്‍ മഴ തുടരും. നാളെ വൈകിട്ടോടെ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും വകുപ്പ് വിലയിരുത്തുന്നു.

തെക്കന്‍ ജില്ലകളില്‍ഇന്ന് രാത്രിയോടെയും വടക്കന്‍ ജില്ലകളില്‍ നാളെയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ കേരള വെതറും പ്രവചിക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്ന് രാത്രി മുതല്‍ തെക്കന്‍, മദ്ധ്യ കേരളത്തിലും നാളെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും കുറയും. ന്യൂനമര്‍ദ്ദം ദുര്‍ബലാവസ്ഥയില്‍ തുടരുകയാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ അതിശക്തമായ മഴ അടുത്ത 24 മണിക്കൂറില്‍ കാണുന്നില്ല. പ്രളയഭീഷണിയും ഇനിയില്ല . മാലദ്വീപിന് സമീപം ഒരു ന്യൂനമര്‍ദ്ദ സാധ്യത അടുത്ത ദിവസം കാണുന്നുണ്ടെങ്കിലും അതു രൂപപെടുമോ എന്ന് ഉറപ്പില്ലെന്നും സ്വകാര്യ ഏജന്‍സി വിലയിരുത്തുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂറ ജില്ലയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്ടും, മലപ്പുറത്തും റെഡ് അലേര്‍ട്ടുണ്ട്. ഇതിനിടെ അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.


LATEST NEWS