​സൃഷ്‌ടികളിലെ ഗൗരവത്തിനപ്പുറം പെരുമാറ്റത്തില്‍ ലാളിത്യം നിറച്ച്‌ രാമചന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​സൃഷ്‌ടികളിലെ ഗൗരവത്തിനപ്പുറം പെരുമാറ്റത്തില്‍ ലാളിത്യം നിറച്ച്‌ രാമചന്ദ്രന്‍

കൊച്ചി: ചിത്രമെന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതി മാത്രമാണെന്നു വിശ്വസിച്ചിരിക്കുന്നവര്‍ മലയാളിയായ എ.രാമചന്ദ്രന്റെ ചിത്രപ്രദര്‍ശനം കണ്ടാല്‍ ഒന്നത്ഭുതപ്പെടും. അതിലൊന്നിലും സ്വദേശമായ കേരളത്തിന്റെ പ്രകൃതിഭംഗി അതേപടി ആവാഹിച്ചിട്ടില്ല. അതേപ്പറ്റി ചോദിച്ചാല്‍ കൃത്യമായ മറുപടിയും രാമചന്ദ്രന്‍ നല്‍കും: `തെങ്ങുകളും കായലുകളും വരയ്‌ക്കുന്നത്‌ മാതൃസംസ്ഥാനത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള യഥാര്‍ഥ മാര്‍ഗമല്ല.’കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ള എ. രാമചന്ദ്രന്റെ ചിത്രങ്ങളും ശില്‍പങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ചാലറിയാം അതിലെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌ പതിറ്റാണ്ടുകള്‍ കൊണ്ട്‌ സ്വാംശീകരിച്ചെടുത്ത ധ്യാനാത്മക സൗന്ദര്യമാണെന്ന്‌.

സൃഷ്ടികളില്‍ ഗൗരവം നിറഞ്ഞുനില്‍ക്കുമ്പോഴും ലാളിത്യവും നര്‍മവും കലര്‍ന്ന ഭാഷയിലാണ്‌ ഈ 78കാരന്‍ സംസാരിക്കുക. ഹരിതാഭമായ കേരളത്തില്‍ നിന്ന്‌ കലാപഠനാര്‍ഥം അര നൂറ്റാണ്ടു മുമ്പ്‌ ഉത്തരേന്ത്യയില്‍ ചേക്കേറിയ രാമചന്ദ്രന്റെ ഭാവനയെ 1970കള്‍ മുതല്‍ രാജസ്ഥാന്‍ പ്രചോദിപ്പിക്കുന്നുണ്ട്‌. അവിടുത്തെ വിശാലമായ മണല്‍പ്പരപ്പുകളും ആകാശനീലിമയും രാമചന്ദ്രന്റെ ഭാവനയെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചിരിക്കുന്നത്‌. കേരളത്തിന്റെ ഹരിതാഭ ഇടതിങ്ങിയതായതിനാല്‍ അതിന്റെ വര്‍ണവൈവിധ്യത്തെ വേര്‍തിരിച്ചെടുക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ രാമചന്ദ്രന്‍ പറയുന്നു. മരുഭൂമികളുടെ നാടായ രാജസ്ഥാനിലെ ജലപ്പരപ്പുകളുടെ സ്വപ്‌നതുല്യമായ സൗന്ദര്യം പകര്‍ത്തിയ സമീപകാല ചിത്രങ്ങളുടെ പ്രത്യേക വിഭാഗം ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്‌. `ലോട്ടസ്‌ പോണ്ട്‌സ്‌’ (താമരക്കുളങ്ങള്‍) എന്നാണ്‌ ഇതിനു പേരിട്ടിരിക്കുന്നത്‌.


22 വര്‍ഷം ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ പ്രൊഫസറായിരുന്ന രാമചന്ദ്രന്‍ കലാപഠനത്തിനെത്തിയ അനവധി ബാച്ചുകളെ പഠിപ്പിച്ചിട്ടുണ്ട്‌. പക്ഷെ, സ്വന്തം സര്‍ഗ്ഗസൃഷ്ടികളെപ്പറ്റി ചോദിച്ചാല്‍ വിശദീകരണം വിഷമകരമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. സ്വന്തം സൃഷ്ടികളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ ഇക്കാലത്ത്‌ ധാരാളമാണ്‌. എന്നാല്‍ ഒരു കലാകാരന്‍ അയാളുടെ സൃഷ്ടിയിലുപരി വാക്‌ചാതുരിയാല്‍ വിലയിരുത്തപ്പെടുന്നത്‌ തമാശയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ലളിത കലാ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത്‌ പൂര്‍ത്തിയാക്കിയ ഒരു ചിത്രം കണ്ട സംസ്ഥാനത്തെ അന്നത്തെ ഒരു മന്ത്രി അതേപ്പറ്റി വിശദീകരിക്കാന്‍ തന്നോട്‌ അഭ്യര്‍ഥിച്ചത്‌ രാമചന്ദ്രന്‍ ഓര്‍ക്കുന്നു. തനിക്കതിനു സാധിക്കില്ലെന്നും, കല ആസ്വദിക്കാനുള്ളതാണ്‌ മനസ്സിലാക്കാനുള്ളതല്ലെന്നുമാണ്‌ അന്നു മറുപടി നല്‍കിയതെന്നു രാമചന്ദ്രന്‍ പറഞ്ഞു. ഒരു ശാസ്‌ത്രീയ സംഗീതജ്ഞന്‌ സംസാരത്തിലൂടെയോ വിശദീകരണത്തിലൂടെയോ അല്ല തന്റെ കഴിവ്‌ പ്രകടിപ്പിക്കാനാകുകയെന്ന കാര്യം അദ്ദേഹം ഉപോദ്‌ബലകമായി ചൂണ്ടിക്കാട്ടുന്നു.


ഭീംസെന്‍ ജോഷിയോട്‌ ഒരു രാഗത്തിന്റെ സൗന്ദര്യത്തെപ്പറ്റി വിശദീകരിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല, അതേസമയം ഗാനമാലപിച്ച്‌ ആ സൗന്ദര്യം അദ്ദേഹം വ്യക്തമാക്കിത്തരുമായിരുന്നു- രാമചന്ദ്രന്‍ ഉദാഹരിക്കുന്നു. നീണ്ട തലമുടി ഒരു കലാകാരന്റെ പ്രതിച്ഛായയെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുന്നുണ്ടോ എന്ന്‌ നീട്ടിവളര്‍ത്തിയ മുടി ചൂണ്ടിക്കാട്ടി രാമചന്ദ്രനോട്‌ ചോദിക്കുക. അതിനും ഉടന്‍ മറുപടി ലഭിക്കും. `തീര്‍ച്ചയായും. കേരളത്തിനു പുറത്തുള്ള ജീവിതത്തില്‍ നിന്നാണ്‌ ഞാനിതു മനസ്സിലാക്കിയത്‌. ഞാന്‍ പഠനം നടത്തിയ ശാന്തിനികേതന്റെ സ്ഥാപകനായ രബീന്ദ്രനാഥ ടാഗോറിന്റെ പ്രത്യേകതകളിലൊന്നായിരുന്നു നീട്ടിവളര്‍ത്തിയ മുടിയും താടിയും. കേരളത്തിലാണെങ്കില്‍ ആളുകള്‍ ചോദിക്കും, തനിക്കൊന്ന്‌ മുടിവെട്ടിക്കൂടേ, ഹേ.. എന്ന്‌’

കരിഞ്ചന്തയില്‍ പെയിന്റിംഗുകളുടെയും മറ്റും പകര്‍പ്പുകള്‍ പ്രചരിച്ചപ്പോള്‍ അതേപ്പറ്റി രാമചന്ദ്രന്‍ പറഞ്ഞത്‌, തന്റെ സൃഷ്ടികളൊക്കെ ഏറെ മോടിചാര്‍ത്തിയവയാണെന്നും ലാഭമുണ്ടാക്കാനായി അത്‌ പകര്‍ത്താനുള്ള ക്ഷമ ആര്‍ക്കുമുണ്ടാകില്ലെന്നുമായിരുന്നു. രാമചന്ദ്രന്റെ അഭിപ്രായത്തില്‍ കല ജന്മസിദ്ധമാണ്‌. ആര്‍ക്കും അത്‌ പഠിപ്പിച്ചുകൊടുക്കാനാകില്ല. ഒരാളില്‍ ജന്മസിദ്ധമായ കലാവാസനയുണ്ടെങ്കില്‍ അയാളുടെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറയും. കലയോടുള്ള പുതുതലമുറയുടെ സമീപനത്തെപ്പറ്റി ചോദിച്ചാല്‍ രസകരമാണ്‌ രാമചന്ദ്രന്റെ മറുപടി. `കാല്‍നൂറ്റാണ്ട്‌ മുമ്പുവരെ നായ്‌ക്കളെ സ്‌നേഹിച്ചിരുന്നവരും പൂന്തോട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നവരും മാത്രമാണ്‌ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കുറച്ച്‌ കലാപ്രേമികളും നമുക്കിടയിലുണ്ട്‌.’

 


LATEST NEWS