മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും താങ്ങുംതണലുമായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും താങ്ങുംതണലുമായി മാറിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല 

മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും താങ്ങുംതണലുമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാരനായ തിരുവനന്തപുരം മേയറെ ആക്രമിച്ച ആർ.എസ്.എസ്, ബി.ജെ.പി അക്രമികളെ അറസ്​റ്റ്​ ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു. കഴക്കൂട്ടത്ത് ആർ.എസ്.എസ് പ്രവര്‍ത്തകനെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്​റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്രൂരമായി തല്ലിച്ചതച്ചു. പിണറായിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പൊലീസ് ആർ.എസ്.എസ് -ബി.ജെ.പിക്ക് വിടുപണി ചെയ്യുകയാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിക്കും ഭരണമുന്നണിയുടെ കണ്‍വീനര്‍ക്കുപോലും പൊലീസില്‍ വിശ്വാസം നഷ്​ടപ്പെട്ടു. സര്‍ക്കാര്‍ ബി.ജെ.പിയുമായി സമരസപ്പെടുന്നു എന്ന് യു.ഡി.എഫ് മുമ്പ്​ പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയായണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാട്ടിലെങ്ങും അക്രമം പടര്‍ന്നുപിടിക്കുകയാണ്. സംസ്​ഥാനത്ത്​ ക്രമസമാധാനനില തകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. തലസ്ഥാനനഗരിയില്‍ നിരവധിദിവസങ്ങളായി തുടരുന്ന സംഘർഷം നിയന്ത്രിക്കാൻ​ പൊലീസിന്​ കഴിയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.