അരിയില്‍ ചേര്‍ക്കുന്നത് ആളെ കൊല്ലും മായം ; റാണി റൈസ് ബ്രാന്‍ഡ് അരിക്ക് നിറം ചേര്‍ത്തിരുന്നത് റെഡ് ഓക്‌സൈഡ് ഉപയോഗിച്ച് ; പരിശോധനയില്‍ കണ്ടെത്തിയത് ദുര്‍ഗന്ധം വമിക്കുന്ന അരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അരിയില്‍ ചേര്‍ക്കുന്നത് ആളെ കൊല്ലും മായം ; റാണി റൈസ് ബ്രാന്‍ഡ് അരിക്ക് നിറം ചേര്‍ത്തിരുന്നത് റെഡ് ഓക്‌സൈഡ് ഉപയോഗിച്ച് ; പരിശോധനയില്‍ കണ്ടെത്തിയത് ദുര്‍ഗന്ധം വമിക്കുന്ന അരി

കോട്ടയം : സംസ്ഥാനത്തെ പ്രമുഖ അരി അരി ബ്രാന്‍ഡുകളിലൊന്നായ റാണി റൈസ് മില്ലിന് പൂട്ടുവീണു. മാരകമായ രീതിയില്‍ റെഡ്ഓക്‌സൈഡ് ഉപയോഗിച്ച് അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയതോടെയാണ് കമ്പനി അടച്ചുപൂട്ടാന്‍ മന്ത്രി ഉത്തരവിട്ടത്. മായാമോഹിനി, ശ്രിംഗാരവേലന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ജോസ് തോമസിന്റെ ഉടമസ്ഥതയിലുള്ള മില്ലാണിത്.

ജോസ് തോമസിന്റെ സഹോദരന്‍ മാത്യു തോമസാണ് മില്ലിന്റെ പ്രൊപ്രൈറ്റര്‍. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരി വില്‍ക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ മില്ലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മിന്നല്‍ പരിശോധന നടത്തിയത്.

കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ സംഭരിച്ച് നല്‍കുന്ന നെല്ലു കുത്തി അരിയാക്കി പൊതുവിതരണത്തിനായി നല്‍കുന്നതിനുള്ള അനുമതി ഈ മില്ലിനും നല്‍കിയിരുന്നു. മില്ലില്‍ റേഷന്‍ അരിയുടെ മറവില്‍ വന്‍തോതില്‍ അരിയില്‍ മായം ചേര്‍ക്കുന്നുണ്ടെന്നു നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. അന്ന് പരിശോധന നടത്തി 1 കോടി രൂപയിലധികം പിഴയൊടുക്കിയിരുന്നു.

ഗോഡൌണിനുള്ളില്‍ പരിശോധന നടത്തിയ മന്ത്രിയും സംഘവും അരിയില്‍ ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും, തമിഴ്‌നാട്ടില്‍ നിന്നും, ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ അരിയും കണ്ടെടുത്തു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാതെ ഉപേക്ഷിക്കുന്ന അരിയാണ് തുശ്ചമായ തുകയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.

കേരളത്തിലെ മില്ലുകളില്‍ നിന്നുള്ള റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന്     രേഖപ്പെടുത്തിയ അരിച്ചാക്കുകളും കണ്ടെടുത്തു. അരിയില്‍ കൃത്യമ നിറം ചേര്‍ക്കുന്നതിനായി പ്രത്യക യന്ത്രങ്ങളും മില്ലില്‍ സ്ഥാപിച്ചിരുന്നു. സപ്ലൈകോ മുഖേന കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍ വിപണിയില്‍ എത്തിക്കുന്നതിനാണു സര്‍ക്കാര്‍ മില്ലിനു അധികാരം നല്‍കിയിരുന്നത്. ഇതു മറികടന്ന് അരിയില്‍ വ്യാജനെ കയറ്റുകയായിരുന്നു മില്ലുകാര്‍ ചെയ്തിരുന്നത്. 

കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ല് റാണി മില്ലിന്റെ ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. കണ്ടാല്‍ അറപ്പുളവാക്കുന്ന രീതിയിലായിരുന്നു മന്ത്രിയും സംഘവുമെത്തുമ്പോള്‍ അരി കണ്ടെത്തിയത്. റാണി ബ്രാന്‍ഡിന്റെ പേരില്‍ കറി പൗഡറുകളും, അരിപ്പൊടിയും മറ്റും വിപണിയിലെത്തിക്കുന്നുണ്ട്. ഇവയിലും വ്യാപകമായ രീതിയില്‍ മായമുണ്ടെന്നാണ് ആരോപണം. 

മില്ല് അടച്ചുപൂട്ടി സീല്‍വെച്ചു. ഇപ്പോള്‍ ഗാന്ധിനഗര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് മില്‍. ഇവിടെയുണ്ടായിരുന്ന ലോറികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗവും സിവില്‍ സപ്ലൈസ് വിഭാഗവും ഇന്നലെ മില്ലിലെത്തി. തുടരന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫിസറുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘത്തെയും മന്ത്രി നിയോഗിച്ചു. 


LATEST NEWS