രാജിക്കാര്യത്തില്‍ തീരുമാനം വൈകില്ലെന്ന്  തോമസ് ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജിക്കാര്യത്തില്‍ തീരുമാനം വൈകില്ലെന്ന്  തോമസ് ചാണ്ടി

തിരുവനന്തപുരം: രാജിക്കാര്യത്തില്‍ തീരുമാനം വൈകില്ലെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി. രണ്ട് മണിക്കൂറിനുള്ളില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പോവുകയാണെന്നും രണ്ട് മണിക്കൂറിനകം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തീരുമാനം അവരുടെ ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നും അതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രശ്‌നങ്ങള്‍ നിയമപരമായി പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട്  പെട്ടെന്ന് തന്നെ തീരുമാനമെടുക്കാനാവിന്നും അദ്ദേഹം.

ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ രാജി അനിവാര്യമാണെന്ന നിലപാടാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കാന്‍ അദ്ദേഹം സാവകാശം തേടി. ഒപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത ടിപി പീതാംബരന്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും വ്യക്തമാക്കി.

തോമസ് ചാണ്ടി രാജിവയ്ക്കുന്നതിനു പകരം അവധിയെടുത്തു മാറിനിൽക്കുന്ന കാര്യവും എൻസിപി പരിഗണിക്കുന്നുണ്ട്. ചികിൽസയ്ക്കായി തോമസ് ചാണ്ടി യുഎസിലേക്കു പോകാനിരിക്കുകയാണ്. അതിനാൽ രാജി വയ്ക്കുന്നതിനു പകരം അവധിയെടുക്കാനാണ് സാധ്യത. എന്നാൽ ഈ നിർദേശം മുഖ്യമന്ത്രി സ്വീകരിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. രാജിയൊഴിവാക്കാന്‍ പരമാവധി സമ്മർദ്ദം ചെലുത്താനാണ് എൻസിപിയുടെ തീരുമാനം.

 എന്നാല്‍ അവധിയെടുക്കുന്ന സമയം തോമസ് സുപ്രീം കോടതിയെ സമീപിച്ചേക്കും. മാത്രമല്ല, ആലപ്പുഴ കലക്ടറെ സമീപിച്ചു റിപ്പോർട്ടിൽനിന്നു പേരു നീക്കണമെന്ന് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

തുടര്‍ന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. നിബന്ധനകളോടെ രാജിവെക്കാമെന്നായിരുന്നു തോമസ് ചാണ്ടി അറിയിച്ചതെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം തള്ളുന്നതാണ് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍. യോഗത്തില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തി. തോമസ് ചാണ്ടി പങ്കെടുത്തതിനെ തുടര്‍ന്ന് സിപിഐയിലെ അഞ്ച് മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായിരുന്നു തീരുമാനമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ തോമസ് ചാണ്ടി മന്ത്രസ്ഥാനത്ത് തുടരുന്നത് മുന്നണിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണെന്ന് വ്യക്തമാവുകയാണ്.


LATEST NEWS