ആക്ടിവിസ്റ്റുകളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി സുരേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആക്ടിവിസ്റ്റുകളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ ഭക്തരുടെ താല്പര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ദേവസ്വം മന്ത്രി. ആക്ടിവിസ്റ്റുകളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ഇടമല്ല. ഇവരുടെ താല്പര്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയില്ല. ആക്ടിവിസ്റ്റുകൾ പല നിലപാടുമായി വരുന്നവരാണ്. ഇവരുടെ നിലപാട് നടത്താൻ സർക്കാർ കൂട്ട നിൽക്കില്ല. ഭക്തരായ സ്ത്രീകൾ എത്തിയാൽ സംരക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു. 

പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ആളുകളെ മനസിലാക്കി വേണമായിരുന്നു സംരക്ഷണം നൽകാൻ. ഇപ്പോൾ കയറിയവർ ഭക്തരല്ല. ഇവരുടെ താല്പര്യം സംരക്ഷിക്കാൻ താല്പര്യമില്ലെന്നും അറിയിച്ചു. അതേസമയം, സുപ്രീം കോടതി വിധിയോട് നീതി പുലർത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലേക്ക് പൊലീസ് അകമ്പടിയോടെ മല കയറാൻ എത്തിയ യുവതികൾ നടപ്പന്തലിൽ യാത്ര നിർത്തി. ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയായ ആക്ടിവിസ്റ് രഹനാ ഫാത്തിമയുമാണ് ഇന്ന് മലകയറാൻ യാത്ര പുറപ്പെട്ടത്. നടപ്പന്തൽ വരെ പോലീസ് അകമ്പടിയിൽ ഇവർ എത്തിയിരുന്നു. തുടർന്നാണ് ഭക്തരുടെ പ്രതിഷേധം രൂക്ഷമായത്.  

ശരണം വിളികളുമായി ഭകതർ നടത്തിയ വൻതോതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് യാത്ര നിർത്തിയത്. യുവതികളുമായി മടങ്ങാൻ പൊലീസിന് ദേവസ്വം മന്ത്രി നിർദേശം നൽകി. സന്നിധാനത്ത് അക്രമം ഒഴിവാക്കാനാണ് സർക്കാരിന്റെ ഇടപെടൽ. അതേസമയം, യുവതികളുടെ നിലപാട് അറിഞ്ഞിട്ടില്ല. ഇവരുമായി സംസാരിക്കുകയാണ് പോലീസ്

ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഭക്തരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമം നടത്തിയിരുന്നു.  തടിച്ചുകൂടിയ പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത്  സംസാരിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരെയും ഉപദ്രവിക്കാനല്ല എത്തിയത്. വിധി നടപ്പാക്കാനാണ് എത്തിയത്. എന്നാല്‍ എതിര്‍പ്പുമായി പൊലീസിനുമുന്നില്‍ നിന്നതോടെയാണ് സർക്കാർ നിലപാട് അറിയിച്ച് മടങ്ങാൻ ഉള്ള തീരുമാനം എടുത്തത്. 


LATEST NEWS