ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ല; ഉത്തരവുമായി ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ല; ഉത്തരവുമായി ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾക്കായി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭക്ഷണങ്ങൾ വിൽക്കുന്നതിനുള്ള സ്റ്റാളുകൾ ലേലം ചെയ്തു നൽകും മുൻപ് തന്നെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുള്ളതിനാൽ പിന്നീട് വില വർധിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

നിശ്ചിത വിലയ്ക്ക് സാധനങ്ങൾ വിൽക്കാം എന്ന് കരാർ ഉണ്ടാക്കിയ ശേഷമാണ് സ്റ്റാളുകൾ ലേലത്തിൽ എടുക്കുന്നത്. തുടർന്ന് വില വർധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു. വില വർധിപ്പിക്കാൻ അവസരമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ കൂടുതൽ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കാനിടയുണ്ടായിരുന്നു. മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തിൽ ഇനി വില വർധിപ്പിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.

കച്ചവടക്കാർക്ക് വേണമെങ്കിൽ അടുത്ത വർഷം സ്റ്റാളുകൾ ലേലത്തിൽ എടുക്കും മുൻപ്, നിരക്ക് പുതുക്കി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നു കോടതി അറിയിച്ചു. ശബരിമലയിൽ ഭക്ഷണ സാധനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ കഴിയില്ലെന്നാണ് സർക്കാരും കോടതിയെ അറിയിച്ചത്. നേരത്തെ തന്നെ കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോൾ വില വർധിപ്പിക്കണം എന്നു ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

2015ലെ നിരക്കനുസരിച്ചുള്ള ഭക്ഷണ വില ഈടാക്കാനാണ് കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. പമ്പയിലും സന്നിധാനത്തും കച്ചവടം നടത്താനുള്ള ലൈസൻസിന്റെ ഫീസ് കൂട്ടിയതിനാൽ ഭക്ഷണ സാധനങ്ങൾക്കും വില വർധിപ്പിക്കണമെന്നും ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുന്നതിനുള്ള ചെലവ് വർധിച്ചതു പരിഗണിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നുക്കും.


LATEST NEWS