ശബരിമലയില്‍ മകരജ്യോതി നാളെ; നിരീക്ഷണ സമിതി ഒരുക്കങ്ങള്‍ വിലയിരുത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയില്‍ മകരജ്യോതി നാളെ; നിരീക്ഷണ സമിതി ഒരുക്കങ്ങള്‍ വിലയിരുത്തും

പമ്പ: ശബരിമലയില്‍ മകരജ്യോതി നാളെ. സന്നിധാനത്തും ദർശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങള്‍. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.

നാളെ വൈകിട്ട് ആറേകാലോടെ തിരുവാഭരണങ്ങള്‍ സന്നിധാനത്ത് എത്തിക്കും. ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.

അമ്ബലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്പൊലിമയില്‍ ഇന്ന് ഉച്ചയ്ക്ക് പമ്ബ സദ്യയും വൈകിട്ട് പമ്ബ വിളക്കും നടക്കും. 

മകരവിളക്ക് ക്രമീകരണങ്ങളിൽ ഹൈക്കോടതി മേൽനോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകൾ നടത്തും. ദേവസ്വം ബോർഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക.

മകരവിളക്ക് കാണാൻ സന്നിധാനത്ത് മൂന്ന് ലക്ഷം തീർത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോ‍ർഡിന്‍റെ കണക്കുകൂട്ടൽ. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.