ശബരിമലയില്‍ ഉത്സവത്തിന് കൊടിയിറങ്ങി; ഇനി നട തുറപ്പ് 16ന് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയില്‍ ഉത്സവത്തിന് കൊടിയിറങ്ങി; ഇനി നട തുറപ്പ് 16ന് 

ശബരിമല: പത്ത്  ദിവസത്തെ ഉത്സവം പൂർത്തിയാക്കി ശബരിമലയില്‍ ഉത്സവത്തിന് കൊടിയിറങ്ങി. ഇനി കർക്കടകമാസ പൂജയ്ക്കായി  16ന്  നട തുറക്കും. ഉഷഃപൂജയ്ക്കു ശേഷം മൂലബിംബത്തിലെ ദേവചൈതന്യത്തെ ശ്രീബലിബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു. പ്രദക്ഷിണമായി ആറാട്ട് ബലിതൂകി ഭഗവൽചൈതന്യം നിറഞ്ഞ തിടമ്പുമായി മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി.  

ആനപ്പുറത്തുനിന്നു തിടമ്പിറക്കി ആഘോഷമായി ആറാട്ടുകടവിൽ എത്തിച്ചപ്പോള്‍ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ആറാട്ട് നടന്നു. ആദ്യം മഞ്ഞൾപ്പൊടി അഭിഷേകം നടത്തി. പിന്നെ അഷ്ടാഭിഷേകവും. ആറാട്ട് ചടങ്ങുകൾ പൂർത്തിയാക്കി തിരികെ പമ്പ ഗണപതി കോവിലിൽ എഴുന്നള്ളിച്ചിരുത്തി. തുടർന്ന് ഭക്തർ പറവഴിപാടുകൾ സമർപ്പിച്ചു.

മൂന്നു മണിയോടെ തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങി. നിറപറയും നിലവിളക്കും ഒരുക്കി കച്ചവടക്കാർ ആറാട്ട് ഘോഷയാത്രയെ വരവേറ്റു. വലിയ നടപ്പന്തലിലെ സേവയ്ക്കു ശേഷം പതിനെട്ടാംപടി കയറി. ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കി. എല്ലാ പൂജകളും പൂർത്തിയാക്കി നടയടച്ചു. 


LATEST NEWS