വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്;ശബരിമലയിലെ  സ്ട്രോംഗ് റൂം പരിശോധിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്;ശബരിമലയിലെ  സ്ട്രോംഗ് റൂം പരിശോധിക്കും

ശബരിമല : വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന്  ശബരിമല സ്ട്രോങ് റൂം തുറക്കാന്‍ ആലോചിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. കുറവ് കണ്ടെത്തിയ സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. അതേസമയം നിലവില്‍ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഓഡിറ്റ് കഴിയട്ടെ, റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും, ദേവസ്വം ബോര്‍ഡില്‍ കൊള്ള നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും സ്വര്‍ണം പോയിട്ടുണ്ടെങ്കില്‍ കണ്ട് പിടിക്കുമെന്നും അദ്ദേം പറഞ്ഞു.

ഭക്തർ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നൽകിയ നാൽപ്പത് കിലോ സ്വർണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവയാണ് സ്ട്രാംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2017- മുതലുള്ള കണക്കുകളിലാണ് പൊരുത്തക്കേടുകൾ ഉള്ളത്. വഴിപാടായി ഭക്തർ ശബരിമല ക്ഷേത്രത്തിന്  നൽകുന്ന സ്വർണത്തിന്  3 എ രസീത് നൽകും. തുടന്ന് സ്വർണത്തിന്‍റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ 4 ആം നമ്പർ  രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ സ്വർണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ അത് എട്ടാം കോളത്തിൽ രേഖപ്പെടുത്തണം എന്നുമാണ് വ്യവസ്ഥ.

എന്നാൽ, 40 കിലോ സ്വർണത്തിന്‍റെ കാര്യം രേഖകളില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയുടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലുള്ള  സ്ട്രോംഗ് റൂം മഹസർ പരിശോധിക്കുന്നത്. നാളെ സ്ട്രോംഗ് റൂം തുറന്ന് മഹസർ പരിശോധക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകി. സ്ട്രോംഗ് റൂം മഹസറിൽ ഈ സ്വർണം എത്തിയതിന് രേഖയില്ലെങ്കിൽ മാത്രമാകും സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സ്ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് നാളെ പരിശോധന.


LATEST NEWS