സനലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സനലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളി വാഹനമിടിച്ചു കൊല്ലപ്പെട്ട സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.

 പരിക്കേറ്റ സനൽ അരമണിക്കൂർ റോഡിൽ കിടന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലൻസിൽ കയറ്റിയെങ്കിലും നേരേ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് സനലിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടർ സനലിനെ വേഗം മെഡിക്കൽ കോളജിൽ എത്തിക്കാൻ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിർദ്ദേശിച്ചു.

എന്നാൽ സുഹൃത്തിനെ ഒഴിവാക്കി ആംബുലൻസിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കൽ കോളജിലേക്ക് പോകാൻ നെയ്യാറ്റിൻകര ടിബി ജംക്ഷൻ വഴി പോകേണ്ടതിനു പകരം ആംബുലൻസ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്‌കൂളിന്റെയും എസ്‌ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷൻ റോഡിലേക്ക് 10.25 ന് ആംബുലൻസ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.


LATEST NEWS