നീരവ് മോദിയെയും, മല്യയെയും കാണുമ്പോള്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ബാങ്ക് ജീവനക്കാര്‍ക്ക് സാധാരണക്കാരോടെന്താണിത്ര പുശ്ചം ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീരവ് മോദിയെയും, മല്യയെയും കാണുമ്പോള്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ബാങ്ക് ജീവനക്കാര്‍ക്ക് സാധാരണക്കാരോടെന്താണിത്ര പുശ്ചം ?

ബാങ്കുകൾ ഉപഭോക്താക്കളോട് ഇടപെടുന്ന രീതിയെക്കുറിച്ച് വർഷങ്ങളായി പലതരം  പരാതികൾ ഉയർന്നു കേൾക്കാറുണ്ട്. ബാങ്കിനെ സമീപിക്കുന്ന ഉപഭോക്താക്കളോട് കോഴഞ്ചേരി എസ്ബിഎെ പൊയ്യാനിൽ പ്ലാസ ബ്രാഞ്ചിലെ ഒരു ഉദ്യോ​ഗസ്ഥൻ ഹീനമായി ഇടപെടുന്ന വീഡിയോയാണ് ഇത്തരത്തിൽ ഇപ്പോൾ വ്യപകമായി പ്രചരിക്കുന്നത്.

സീനിയർ സിറ്റിസണെന്ന പരി​ഗണന പോലും കൊടുക്കാതെ ധിക്കാരത്തോടെയും, ധാർഷ്യത്തോടെയും സാമുവൽ എന്ന വയോധികനു നേരെ ആക്രോശിക്കുന്ന എസ്ബിഎെ ഉദ്യോ​ഗസ്ഥനെയാണ് നമുക്ക് വീഡിയോയിലുടനീളം കാണാൻ കഴിയുക. വീഡിയോയുടെ ആദ്യാവസാനം സാമുവലെന്ന വയോധികനെ വിരട്ടുകയും വിരൽ ചൂണ്ടി കയർക്കുകയും ചെയ്യുന്ന ഉദ്യോ​ഗസ്ഥനെതിരെവൻ ജന രോഷമാണ് ഉയർന്നിരിക്കുന്നത്.

ബ്രാഞ്ചിന്റെ അസിസ്റ്റന്റ് മാനേജരാണ് ഇത്തരത്തിൽ ധിക്കാരപരമായി വയോധികനു നേരെ ആക്രോശിക്കുന്നതെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ  ദുരനുഭവം ഇതിനു മുൻപ് തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കി സംഭവം കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പകർത്തുകയായിരുന്നു. ഉപഭോക്താവിനോടുള്ള മനുഷ്യത്വ രഹിതമായ പെരുമാറ്റം ജനങ്ങളിലേക്കെത്തിക്കാനി പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ച് കഴി‍ഞ്ഞു. 

കോഴഞ്ചേരി ബ്രഞ്ചിൽ ഇത്തരമൊരു സംഭവം ഉണ്ടായെന്നും എന്നാൽ പരാതി ലഭിച്ചാലേ നടപടി എടുക്കാനാകൂ എന്ന നിലപാടിലാണ് എസ്ബിഎെ പ്രതികരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

വയോധികനു നേരെ  ബാങ്ക് ഉദ്യോ​ഗസ്ഥൻ കയർക്കുന്നത് ഇപ്രകാരം:

ഏതോ സ്ലിപ്പിനെ ചൊല്ലിയാണ്  ബാങ്ക് ഉദ്യോ​ഗസ്ഥൻ കയർക്കുന്നതെന്ന് വ്യക്തമായി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഈ ബാങ്കിൽ ഇങ്ങനെയെ നടക്കൂ എന്നും നിങ്ങൾ എഴുതേണ്ടത് നിങ്ങൾ തന്നെ എഴുതണം എന്നും ക്ഷോഭത്തോടെ വിരൽ ചൂണ്ടി വയോധികനു നേരെ ശബ്ദമുയർത്തുന്നു. എന്നാൽ ഞാൻ നിങ്ങളെ തെറിയൊന്നും വിളിച്ചില്ലല്ലോ, എന്റെ കൊച്ചു മകനാകേണ്ട പ്രായമേ നിനക്കുള്ളു എന്ന് വയോധികൻ മറുപടി നൽകുന്നു. എന്നാൽ ഈ മറുപടിയിലും ബാങ്ക് ഉദ്യോ​ഗസ്ഥൻ തൃപ്തനാകാതെ വീണ്ടും തിരിച്ചു വന്ന് ആക്രോശിക്കുന്നു. 

വീഡിയോ എടുക്കുന്ന ആളുടെ നേരെയും ഉദ്യോ​ഗസ്ഥൻ കയർക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇത്തരമൊരു അനുഭവം താൻ നേരിട്ടുവെന്നും ഇന്ന് നിങ്ങളുടെ നേരെയാണെന്നും വീഡിയോ എടുക്കുന്ന ആൾ വയോധികവനോട് പറയുന്നു. ഇത് കേട്ട് കൊണ്ട് തിരിച്ച് വരുന്ന ഉദ്യോ​ഗസ്ഥൻ ഇനിയും ഇത്തരത്തിൽ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്നു. 

എല്ലാ സർക്കാർ ബാങ്കുകളും ഇത്തരത്തിലാണെന്നും, കാശുള്ളവരോടും ഇല്ലാത്തവരോടും രണ്ട് തരത്തിലുള്ള പെരുമാറ്റമാണ് ഇത്തരം ബാങ്കുകൾ നടത്തുന്നതെന്ന് സുജിത് മുല്ലശ്ശേരിയെന്ന വ്യക്തി വീഡിയോ കണ്ട ശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ജന സേവനത്തിനു പറഞ്ഞ് വിടുമ്പോൾ എസ്ബിഎെ മര്യാദയുടെ ക്ലാസുകൂടി എടുത്ത് കൊടുക്കണം എന്ന് ഹംസയെന്നയാൾ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നു. എസ്ബിഎെയുടെ ഇത്തരം പ്രവർത്തികൾ ഒരു തുടർക്കഥയാകുമ്പോൾ നിരവധി പേരാണ് വീഡിയോ കണ്ട ശേഷം തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കു വെച്ചിരിക്കുന്നത്. 

ഉപഭോക്താവിന്റെ പ്രായം പോലും പരി​ഗണിക്കാതെ ഇത്ര ക്രൂരവും, മനുഷ്യത്വ രഹിതവുമായി പെരുമാറുന്ന ഉദ്യോ​ഗസ്ഥനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രവാസികളടക്കംനിരവധി പേരാണ് ഈ പ്രവർത്തിക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തുന്നത്. വിജയ് മല്ല്യയും, നീരവ് മോദിയെയും പോലുള്ളവരുടെ അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്ന ഇത്തരം ബാങ്കുകൾ സാധാരണക്കാർക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ വൻ രോഷമാണ് ഉയരുന്നത്.  

വർഷങ്ങളായി എസ്ബിഎെ ബാങ്കിലെത്തുന്ന ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം പ്രവൃത്തികൾക്ക് ഇനിയെങ്കിലും ഒരു അവസാനം വേണമെന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പറയുന്നു. സാധാരണക്കാർക്കും, പണക്കാർക്കുമെന്ന വേർതിരിവുകളില്ലാതെ ബാങ്കിംങ് സേവനം മികച്ച രീതിയിലും, മാന്യമായും ലഭിക്കണമെന്നതാണ് ജനങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.