സുപ്രീംകോടതി ഒരു ഉത്തരവിട്ടാൽ നടപ്പാക്കാൻ ബാധ്യതയുണ്ട്; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവാതെ ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  സുപ്രീംകോടതി ഒരു ഉത്തരവിട്ടാൽ നടപ്പാക്കാൻ ബാധ്യതയുണ്ട്; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവാതെ ഹൈക്കോടതി

കൊച്ചി: മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവാതെ കേരള ഹൈക്കോടതി. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി അവഗണിച്ചത്. 

താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്മെന്‍റിലെ താമസക്കാരനായ എം.കെ പോള്‍ ആണ് ഹരജി നല്‍കിയത്. 2010 മുതല്‍ ഫ്ളാറ്റിലെ താമസക്കാരനാണെന്നും തന്‍റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. 

സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകൾ ശരിയാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്തിമ തീരുമാനം അനുകൂലമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർവകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിന് മുമ്പ് തയാറാക്കിയതാകാമെന്നും ഫ്ലാറ്റ് ഉടമകൾ പ്രതികരിച്ചു. അന്തിമ തീരുമാനം വരുന്നത് വരെ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.


LATEST NEWS