സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്‍പ്പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള  ഗൂഢാലോചന:  ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്‍പ്പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള  ഗൂഢാലോചന:  ചെന്നിത്തല

തിരുവനന്തപുരം:   സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്‍പ്പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെഡിക്കല്‍ കോളേജുകളിലെ 35% സീറ്റുകളില്‍ കോടതി നിര്‍ദ്ദേശിച്ച 5 ലക്ഷം രൂപ ഫീസിന് പുറമെ 11 ലക്ഷത്തിന്റെ പലിശ രഹിത ഡെപ്പോസിറ്റും അരക്കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന പ്രവേശന കമ്മീഷണറുടെ ഉത്തരവ് വിചിത്രമാണ്.

അലോട്ട്‌മെന്റിന് ശേഷം കുട്ടികള്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാന്‍ തുടങ്ങുന്ന അടുത്തനിമിഷത്തില്‍ ഈ കടുത്ത നിബന്ധനകളേര്‍പ്പെടുത്തിയത് കുട്ടികളെ ചതിക്കുന്നതിന് തല്യമാണ്. നീചമായ നടപടിയാണിത്.  

തുക ഒന്നിച്ച് സ്വരൂപിക്കാനാവാതെ കുട്ടികള്‍ പിന്മാറുമ്പോള്‍ ആ സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് കൈക്കലാക്കാനും ലേലം വിളിച്ച് വില്‍ക്കാനും കഴിയും. രാജേന്ദ്ര ബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതിന് ശേഷം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയിന്മേല്‍ ചില മനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് തന്നെ ഇത്തരമൊരു കൊള്ളയക്ക് വഴി ഒരുക്കാനായിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന ഇതോടെ പുറത്ത് വന്നിരിക്കുകയാണ്. ചെന്നിത്തല ആരോപിക്കുന്നു.