ഷംന തസ്‌നീമിന്‍റെ മരണം:വിദ്യാര്‍ഥിയ്ക്ക്  മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷംന തസ്‌നീമിന്‍റെ മരണം:വിദ്യാര്‍ഥിയ്ക്ക്  മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി:  ഷംന തസ്‌നീം മരണം സംഭവിച്ചത്   ഗുരുതരമായ ചികിത്സാപ്പിഴവെന്നു ക്രൈംബ്രാഞ്ച്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്‌നീം കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. 
വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ചും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്‌സ് ബോര്‍ഡും ചൂണ്ടിക്കാട്ടി..

മകളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശ്ശേരി പോലീസ് സ്‌റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് ഈ കേസ് ഏറ്റെടുത്തത്. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് ചേരുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ അഭിപ്രായമനുസരിച്ച് ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷംനയുടെ ഉപ്പയെ വിളിച്ചറിയിച്ചു. ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ലിസ ജോണ്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ വിയോജനക്കുറിപ്പ് എഴുതിവെച്ചു. അതാണ് ഈ കേസില്‍ നിര്‍ണയമായത്. അതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ചെന്ന് ഡി.ജി.പിയോട് ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഷംനയുടെ പിതാവ് ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന്‌ അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജൂലൈ 18 നാണ് ഷംന ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്.മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഷംന. പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിരുന്നെങ്കിലും ഭേദമാകാത്തതിനാല്‍ ഡോക്ടര്‍ ഇഞ്ചക്ഷന്‍ നല്‍കുകയും തുടര്‍ന്ന് ഷംന ബോധരഹിതയായി വീഴുകയുമായിരുന്നു.