ഇന്ന് നിശബ്‌ദ പ്രചാരണം; കൊട്ടിക്കലാശത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് നിശബ്‌ദ പ്രചാരണം; കൊട്ടിക്കലാശത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് സുരക്ഷ ശക്തമാക്കും

ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പിന് വിധി എഴുതാൻ  സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്നലെ നടന്ന കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് അവസാനമായതോടെ സ്ഥാനാർത്ഥികൾക്ക് ഇന്ന് നിശബ്ദപ്രചാരണത്തിനിറങ്ങും. പതിനേഴാം ലോക്സഭയിലേക്കുളള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന്  2 കോടി 61 ലക്ഷം പേർക്കാണ് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 

പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കർശന സുരക്ഷയാണ് ഒരുക്കുന്നത്. ഇന്നലെ കലാശക്കൊട്ടിനിടെ പരക്കെ നടന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. ആലത്തൂർ  യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനുൾപ്പെടെ നിരവധി പേർക്കാണ് ഇന്നലെ നടന്ന അക്രമങ്ങളിൽ പരിക്കേറ്റത്.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും. 58,138 പൊലീസുകാർക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് ജവാൻമാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക. തമിഴ്നാട്ടിൽ നിന്നും 2000 പൊലീസുകാരെയും കർണ്ണാടകയിൽ നിന്നും 1000 പൊലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും. 

പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളും 257 സ്‌ട്രോംഗ് റൂമുകളും സജ്ജമാക്കും.


LATEST NEWS