സിമിയുടെ നിരോധനം നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കാതെ കേരളം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിമിയുടെ നിരോധനം നീട്ടുന്നതിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കാതെ കേരളം

തിരുവനന്തപുരം: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം നീട്ടുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ  നിലപാട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തിന് മറുപടി നല്‍കാതെ കേരളം. ജൂണിലാണ് മന്ത്രാലയം ജോയന്റ് സെക്രട്ടറി എസ്.സി.എല്‍. ദാസിന്റെ കത്ത് സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചത്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കേരളം  മറുപടി നൽകിയിട്ടില്ല. 

ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്. സിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, സിമി പ്രവര്‍ത്തകരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

2019 ജനുവരി 31ന് സിമിയുടെ നിരോധന കാലാവധി അവസാനിക്കും. തുടര്‍ന്നും നിരോധനം തുടരണമോയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് അഭിപ്രായം തേടുന്നത്. 2014 ഫെബ്രുവരി ഒന്നിനാണ് അഞ്ചുവര്‍ഷത്തേക്ക് സിമിയെ കേന്ദ്രം നിരോധിച്ചത്.

1977ലാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സിമി നിലവില്‍വന്നത്. ഇതിനിടെ പലവട്ടം കേന്ദ്ര സര്‍ക്കാരും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ട്രിബ്യൂണലും സിമിയെ നിരോധിച്ചു. ആദ്യം നിരോധിച്ചത് ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് 1993ലായിരുന്നു. അമേരിക്കയിലെ 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ സിമിയെ വീണ്ടും നിരോധിച്ചു. 2003ലും 2006ലും സിമിയെ നിരോധിച്ചിരുന്നു.നിരോധനകാലത്തും സിമിപ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പ് 2014ല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. തുടർന്നാണ് 2014 ൽ സിമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത് 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിമിയുടെ നിരോധനം നീട്ടുന്നതില്‍ കേന്ദ്രം  അഭിപ്രായം തേടിയിരിക്കുന്നത്. അതേസമയം, സിമിയുടെ പുതിയരൂപമാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടെന്നാണ് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. എണ്‍പതുകളില്‍ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയനേതാക്കളായ ഇ.എം. അബ്ദുല്‍ റഹ്മാന്‍, ഇ. അബൂബക്കര്‍, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.