കന്യാസ്ത്രീക്ക് ക്രൈസ്തവസഭ 10 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്ത്രീക്ക് ക്രൈസ്തവസഭ 10 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കി

കൊച്ചി:  ഒരു വൈദികന്റെ ലൈംഗിക പീഡനം ചോദ്യം ചെയ്യതതിനെതുടര്‍ന്ന് സഭ പുറത്താക്കിയ കണ്ണൂര്‍ സ്വദേശിനിയായ കന്യാസ്ത്രീയാണ് അനിത. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതിനെതുടര്‍ന്ന് ക്രൈസ്തവ സഭ 10 ലക്ഷം നല്‍കി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. സഭയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും പരമരഹസ്യമായിരുന്നു. ഇതുവരെ ഈ സംഭവം പുറത്തു വന്നിട്ടില്ല.

പീഡനം മൂലം അരനൂറ്റാണ്ടിനിടെ ലോക വ്യാപകമായ 20000 വൈദികര്‍ അവരുടെ വൈദികവൃത്തി ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1965 ല്‍ അമേരിക്കയില്‍ 110000 കന്യാസ്ത്രീകള്‍ സേവനം ചെയ്തിരുന്നു. ഇന്ന് അത് 30000 മാത്രം. 15 വര്‍ഷങ്ങള്‍ക്കൂടി കഴിയുമ്പോള്‍ അത് 10000 ആയി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സഭാ വസ്ത്രം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദൈവ വിളി വ്യാജഭക്തിയില്‍ നിന്ന് ഉറവെടുത്തതാണെന്നാണ് സത്യജാല എന്ന ക്രൈസ്തവ പ്രസിദ്ധീകരണം ചൂണ്ടികാണിക്കുന്നത്. 

നന്മ ചെയ്യണമെന്ന് ആഗ്രഹിച്ച് സഭയില്‍ വൈദികരായും കന്യാസ്ത്രീയായും എത്തിയവര്‍ പീഡനം സഹിക്കാന്‍ വയ്യാതെ സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു. തുടര്‍ന്ന് അവരെ സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുന്നു.

അടുത്തകാലത്ത് ഒരു ക്രൈസ്തവസഭയിലെ ഒരു വൈദികന്റെ ലൈംഗിക പീഡനത്തെ ചെറുത്ത സിസ്റ്റര്‍ അനിതയെയും സഭയില്‍ നിന്ന് പുറത്താക്കുകയും അതിനെ തുടര്‍ന്ന് അവര്‍ അനാഥാലയമായ  ജനസേവ ശിശുഭവനില്‍ അഭയം തേടുകയും ചെയ്തിരുന്നു. തനിക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നും പറഞ്ഞ കന്യാസ്ത്രീയുടെ ഭീഷണിയ്ക്ക് മുന്നില്‍ ക്രൈസ്തവസഭ തലകുനിച്ചു. തുടര്‍ന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 

കെ പി ഷിബു

 

വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രം ഉപേക്ഷിക്കാന്‍ കാരണം സഭയിലെ മൂല്യച്യുതികളാണെന്ന് 24 വര്‍ഷം വൈദികനായി സേവനം അനുഷ്ഠിച്ചശേഷം സഭാ വസ്ത്രം ഉപേക്ഷിച്ച കെ പി ഷിബു പറഞ്ഞു. മനുഷ്യ കച്ചവടം നടത്തുന്ന ഒരു സ്ഥാപനമായി കത്തോലിക്ക സഭ മാറിയിരിക്കുകയാണ്. കുറഞ്ഞ വേതനം കൊടുത്ത് കുറെ പേരെ റിക്രൂട്ട് ചെയ്ത് ചിലര്‍ക്ക് സമ്പത്ത് ആര്‍ജിക്കാന്‍ ഉണ്ടാക്കിയ മത സംവിധാനമാണിത്. വൈദികനായും കന്യാസ്ത്രീയായും ജോലി ചെയ്ത് പ്രായമാകുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലക്ക് തള്ളിയിടുമെന്ന് മുന്‍ വൈദികനായ ഷിബു ചൂണ്ടികാട്ടി. സഭയില്‍ വൈദികരും കന്യാസ്ത്രീമാരും പീഡിപ്പിക്കപെടുകയാണ്. പീഡനങ്ങള്‍ കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് സഭാ വസ്ത്രം ഉപേക്ഷിച്ച് പുറത്ത് വരുന്നത്. കത്തോലിക്ക സഭയില്‍ വൈദികരെക്കാള്‍ കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നതെന്ന് ഷിബു പറഞ്ഞു. 

നഷ്ട പരിഹാരം നല്‍കി ക്രൈസ്തവസഭ പ്രശ്‌നം അവസാനിപ്പിച്ച കന്യാസ്ത്രീയായ അനിതയുടെ കഥ ഇങ്ങനെ; 


ഒരു വൈദികന്റെ പീഡനത്തെ ചോദ്യം ചെയ്ത അനിതയെ സഭയില്‍ നിന്ന് പുറത്താക്കി. സഭ പുറത്താക്കിയ ഇവരെ വീട്ടിലും കയറ്റിയില്ല. ഒടുക്കം അനാഥ മന്ദിരമായ ജനസേവാ ശിശു മന്ദിരമാണ് ഇവര്‍ക്ക് അഭയമായത്. 2007 ജനുവരി 15 നാണ് അനിത സഭാ വസ്ത്രം സ്വീകരിച്ച് കന്യാസ്ത്രീയായത്. അതിനുശേഷം മധ്യപ്രദേശിലെ പച്ചോര്‍ എന്ന സ്ഥലത്ത് സഭയ്ക്ക് കീഴിലുള്ള പ്രോവിഡന്‍സ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 2011 ലാണ് അവിടെയുള്ള വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സിസ്‌റ്റേഴ്‌സ് ഓഫ് സെന്‍ അഗാത്ത കോണ്‍വെന്റ് അംഗമാണ് അനിത. 

വൈദികന്റെ പീഡനം ചെറുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സാധീനം ഉപയോഗിച്ച് കന്യാസ്ത്രീയെ 2012 മെയ് 21 ന് ഇറ്റലിയിലെ മദര്‍ ഹൗസിലേക്ക് കൊണ്ടുപോകുകയും അവിടെ 3 വര്‍ഷക്കാലം അടുക്കളജോലിയ്ക്കും ക്ലീനിംഗിനും മറ്റുമായി അടമവേല ചെയ്പ്പിച്ചു. കൂടാതെ വൈദികനെതിരെയുള്ള സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് സഭാ അധികാരികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടര്‍ന്ന് അവിടെയുള്ള മറ്റൊരു കോണ്‍വെന്റിലെ സിസ്റ്ററോട് സഹായം അഭ്യര്‍ത്ഥിക്കുകയും അവരുടെ സഹായത്തോടെ മറ്റൊരു റിലീജിയസ് സ്ഥാപനത്തില്‍ താല്കാലികമായി സംരക്ഷണം കിട്ടുകയും ചെയ്തു. വൈദികന്റെ പീഡനത്തെ ചോദ്യം ചെയ്ത സംഭവം അറിഞ്ഞ ആ സഭയിലെ സഭാധികാരികള്‍ ഇനി ഇവിടെ നില്‍ക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2015 ഫ്രെബുവരി 19 ന് കൊച്ചിയിലേക്കുള്ള ഫൈ്‌ളറ്റ് ടിക്കറ്റ് നല്‍കി ഇറ്റലിയില്‍ നിന്നും അനിതയെ നാട്ടിലേക്ക് പറഞ്ഞയച്ചു. 20 ാം തീയതി രാവിലെ 10.30 മണിയോടെ ആലുവ തോട്ടക്കാട്ട് മഠത്തിലെത്തിയ അനിതയെ അധികാരികള്‍ മഠത്തിനകത്ത് പ്രവേശിപ്പിക്കാതെ മണിക്കൂറോളം വെയിലത്ത് നിര്‍ത്തുകയും മഠത്തില്‍ സൂക്ഷിച്ചിരുന്ന അനിതയുടെ ബാഗ് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. എങ്ങോട്ട് പോകണമെന്ന് അറിയാതെ മണിക്കൂറോളം വെയിലത്ത് നിന്ന,് തളര്‍ന്ന് അവശയായ കന്യാസ്ത്രീയെ നാട്ടുകാര്‍ ഇടപെട്ട് രാത്രി എട്ട് മണിയോടെ ആലുവ ജനസേവ ശിശുഭവനില്‍ എത്തിക്കുകയായിരുന്നു. 

സഭയില്‍നിന്ന് തന്നെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും ഒരു സ്ത്രീ എന്ന നിലയില്‍ തന്നോട് കാണിച്ച അന്യായത്തിനെതിരെ നീതി ലഭിക്കുന്നതു വരെ പോരാടുമെന്നും സഭാധികാരികള്‍ക്ക് കന്യാസ്ത്രീയായ അനിത മുന്നിറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈസ്തവസഭ പരമ രഹസ്യമായി 10 ലക്ഷം രൂപ കന്യാസ്ത്രീയ്ക്ക് നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു. 

മോളി ജോര്‍ജ് 

അനിതയുടെ മാതൃക പിന്തുടര്‍ന്ന് കന്യാസ്ത്രീകളായി സഭാവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വരുമെന്ന് കന്യാസ്ത്രീയായിരുന്ന മോളി ജോര്‍ജ് പറഞ്ഞു. സഭയില്‍ നിന്ന് തനിക്ക് നേരിട്ട പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.


Loading...