പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപ്പോകണം: ഗവര്‍ണര്‍ പി. സദാശിവംനോട് ശോഭാ സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപ്പോകണം: ഗവര്‍ണര്‍ പി. സദാശിവംനോട് ശോഭാ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പദവിയോടു ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരു നീക്കവും ഗവര്‍ണർ നടത്തിയിട്ടില്ല.  ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്‍റെ പരാമർശം.

പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്ന നിലപാടിലാണെങ്കില്‍ ഗവര്‍ണര്‍ ദയവു ചെയ്ത് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയാണ്. ഗവര്‍ണറെന്ന പദവിയോട് അല്‍പ്പമെങ്കിലും മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്തു തരണം അവര്‍ ആവശ്യപ്പെട്ടു. 

ശക്തമായ ഭാഷയിലാണ് ശോഭ സുരേന്ദ്രന്‍ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കഴിഞ്ഞ ദിവസം  ഫെയ്സ്ബുക്കിലൂടെ ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ശോഭ സുരേന്ദ്രന്റെ പ്രതിഷേധം. കണ്ണൂരിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവർണർ ചെറുവിരൽ പോലും അനക്കിയില്ലെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.


LATEST NEWS