സോളാര്‍  റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനം ; സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കല്‍ ; രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍  റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനം ; സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കല്‍ ; രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് മറയാക്കിയുള്ള സര്‍ക്കാരിന്റെ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മന്‍ചാണ്ടിക്കും നേതാക്കള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ നിയമപരമായി സോളാര്‍ കമ്മീഷന്‍ പരിധികള്‍ മറികടന്നതായും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സർക്കാർ കരുതരുത്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിന് പകർപ്പ് നൽകിയ ശേഷം പുറത്തുവിടണമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായുടെ മകനെതിരേ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പുറത്തുവിട്ടത് വഴി മുഖ്യമന്ത്രി ബിജെപിയെ സഹായിക്കുകയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിക്ക് പരവതാനി വിരിച്ച് കൊടുക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.