ആരാധനാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്ന് ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച ശ്രീധരന്‍ പിള്ള പിന്നീട് മലക്കം മറിഞ്ഞു; ബിജെപിയുടെ ഇരട്ടതാപ്പ് തുറന്ന് കാട്ടി തോമസ്‌ ഐസക്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരാധനാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്ന് ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച ശ്രീധരന്‍ പിള്ള പിന്നീട് മലക്കം മറിഞ്ഞു; ബിജെപിയുടെ ഇരട്ടതാപ്പ് തുറന്ന് കാട്ടി തോമസ്‌ ഐസക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ ബിജെപിയുടെ ഇരട്ടതാപ്പ് തുറന്ന് കാട്ടി ധനമന്ത്രി തോമസ്‌ ഐസക്‌.

സുപ്രിംകോടതി വിധിയോടുള്ള ശ്രീധരൻ പിള്ളയുടെ ആദ്യപ്രതികരണം 27-09-2018നാണ്. ആ പ്രതികരണത്തിൽ, ആചാരപരിഷ്കരണം എന്ന ആർഎസ്എസ് നിലപാട് അദ്ദേഹം അംഗീകരിക്കുകയാണ്. ആരാധനാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്നാണ് അഖിലേന്ത്യാ തലത്തിൽത്തന്നെ തങ്ങൾക്കു നിലപാടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസികളുടെ വികാരം മാനിക്കുമ്പോൾത്തന്നെ ആരാധനാക്രമത്തിൽ പുനർവിചിന്തനം വേണമെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്.

ഇതു പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു. ആരാധനാപരിഷ്കാരത്തെക്കുറിച്ച് ആർഎസ്എസിന്റെ അഖിലേന്ത്യാതലത്തിലെ നിലപാട് കേരളത്തിലും ബാധകമാണെന്ന് വ്യക്തമായി അദ്ദേഹം പറയുന്നു. ദേവാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്ന ആർഎസ്എസ് നിലപാട് തങ്ങളും അംഗീകരിക്കുന്നു എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

അതുകഴിഞ്ഞ് ഒക്ടോബർ നാലിന് ശ്രീധരൻ പിള്ള നടത്തിയ പ്രതികരണത്തില്‍ നിലപാടു മാറി. ഹിന്ദുമതധർമ്മങ്ങളിൽ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹ്യപരിഷ്കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചു വേണം ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഇടതുമുന്നണി സർക്കാരിനെതിരെ വിദ്വേഷവിഷം തുപ്പിയത് ആ ദിവസമാണ്.

സുപ്രിംകോടതിയ്ക്കു മുന്നിൽ സംസ്ഥാന സർക്കാർ രണ്ടു കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി.

ഒന്ന്, സ്ത്രീപ്രവേശം സംബന്ധിച്ച ആചാരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. രണ്ട്, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും വലിയൊരു വിഭാഗം വിശ്വാസികൾ അംഗീകരിക്കുന്നതാണ്. തീരുമാനമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നു തന്നെയാണ് എൽഡിഎഫ് സർക്കാർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്.

സെപ്തംബർ 30ന് ശേഷമാണ് നിലപാടിൽ നിന്ന് ശ്രീധരൻ പിള്ള മലക്കം മറിയുന്നത്. ആ നാലു ദിവസങ്ങളിൽ എന്തു നടന്നുവെന്നാണ് ഇനി പരിശോധിക്കേണ്ടത്. ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻനിലപാടു വിഴുങ്ങിയത്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനും പി എസ് ശ്രീധരൻ പിള്ളയെ മസ്തിഷ്കപ്രക്ഷാളനം നടത്തിയത് ആരാണെന്നും ഐസക്‌ ചോദിച്ചു.


LATEST NEWS