ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ പ്രതീക്ഷയേകുന്ന നിലപാടുമായി സര്‍ക്കാര്‍. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് കത്തയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ശ്രീജിസമരം 764 ദിവസമായി തുടരുന്നത് വലിയ വാര്‍ത്തയായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടല്‍.

ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിന്‍റെ പ്രശ്നത്തില്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. 2014ല്‍ ആണ് ശ്രീജിത്തിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍ മരണപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും സ്വീകരിച്ചില്ല. ശ്രീജിത്തിന്‍റെ പരാതിയിൽ 2016 മേയ് 17ന് പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉത്തരവ് പരിശോധിച്ചു. സെപ്തംബര്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നടപടിക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കിയിരുന്നു.

ശ്രീജിവിന്‍റെ മാതാവിനും സഹോദരന്‍ ശ്രീജിത്തിനുമായി 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദേശം. ഒരു മാസത്തിനകം പത്ത് ലക്ഷം രൂപ ആശ്വാസമായി ഇരുവര്‍ക്കും നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. കേരള പൊലീസ് അന്വേഷണം നടത്തുന്നതില്‍ ആക്ഷേപമുന്നയിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ശ്രീജിത്ത് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ശ്രീജിത്തിന്‍റെ ആവശ്യത്തോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി, സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജോലിഭാരമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം നിരസിക്കുകയാണെന്ന നിലപാടാണ് സിബിഐ എടുത്തത്.