കെ എ എസ് ജനുവരി 1 ന് നിലവില്‍ വരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കെ എ എസ് ജനുവരി 1 ന് നിലവില്‍ വരും

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക്  ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


ഐ.എ.എസ്. കേരള കേഡറിലേക്കുള്ള ഫീഡര്‍ കാറ്റഗറി ആയാണ് കെ.എ.എസ്. രൂപവത്കരിക്കുന്നത്. ഇതിനു വിരുദ്ധമായ ഏതെങ്കിലും ചട്ടങ്ങള്‍ നിലവിലുണ്ടെങ്കില്‍ അവ നിലനില്‍ക്കില്ലെന്നും മന്ത്രിസഭ അംഗീകരിച്ച കെ.എ.എസ്. ചട്ടം വ്യക്തമാക്കുന്നു. കെ.എ.എസിലെ ഉദ്യോഗസ്ഥരുടെ എണ്ണവും മറ്റും അഞ്ചുവര്‍ഷം കൂടുമ്പോള്‍ വിലയിരുത്തും. കെ.എ.എസില്‍ ആദ്യം നിയമനം ലഭിച്ച തീയതി വെച്ചായിരിക്കും ഉദ്യോഗസ്ഥന്റെ സീനിയോറിറ്റി തീരുമാനിക്കുക.


കഴിഞ്ഞ ഒക്ടോബര്‍ 11-നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച കരടുചട്ടങ്ങള്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് പി.എസ്.സി. യോഗം ചര്‍ച്ചചെയ്ത് ശുപാര്‍ശകള്‍ നവംബര്‍ ആറിന് സര്‍ക്കാരിനു കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തി. കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്ന 29 വകുപ്പുകളുടെ അഭിപ്രായവും തേടി. ഇവ ഉള്‍പ്പെടുത്തിയ ചട്ടങ്ങളാണ് മന്ത്രിസഭ അന്തിമമായി അംഗീകരിച്ചത്.

കെ.എ.എസ്. രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വ്വീസ് സംഘടനകളുമായി ഗവണ്‍മെന്‍റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാന രൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക്  ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്.

മൂന്ന് ധാരകള്‍ വഴിയാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റ്

1. നേരിട്ടുള്ള നിയമനം. പ്രായപരിധി - 32 വയസ്സ്. പിന്നോക്ക വിഭാങ്ങള്‍ക്കും എസ്.സി.എസ്.ടി കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത - സര്‍വ്വകലാശാല ബിരുദം.
2. നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി -  40 വയസ്സ്, വിദ്യാഭ്യാസ യോഗ്യത - ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.
3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി - 50 വയസ്സ്. യോഗ്യത -  ബിരുദം.


LATEST NEWS