മാനസിക പീഡനം : തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാനസിക പീഡനം : തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മറ്റു രണ്ടു വിദ്യാർഥികൾകൂടി അഞ്ചുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. എസ്എഫ്ഐ നേതാക്കളും പൊലീസും മാനേജ്മെന്റും ചേർന്നു നടത്തിയ ചർച്ചയെ തുടർന്ന് വിദ്യാർഥികൾ പിന്നീട് താഴെയിറങ്ങി.

മാനേജ്മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചും കോളജിൽ രാഷ്ട്രീയമായി സംഘടിക്കാൻ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാർഥികളുടെ പരാതി. ഇക്കാര്യങ്ങൾ പറഞ്ഞ് ഹാറൂണും നിഖിലും ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്.

വിദ്യാർഥികളുടെ കത്തിൽ പരാമർശിക്കുന്ന അധ്യാപകരുടെ നടപടിയെപ്പറ്റി അന്വേഷിക്കും, ഇന്റേണൽ മാർക്ക് കുറച്ചത് അകാരണമായാണെങ്കിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടിയെടുക്കും, കൈഞരമ്പു മുറിച്ച വിദ്യാർഥിയുടെ മൊഴിയെടുത്ത് അതിൽ ആർക്കെങ്കിലും എതിരേ ആരോപണമുണ്ടെങ്കിൽ നടപടിയെടുക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതിനെ തുർന്നാണ് വിദ്യാർഥികൾ താഴെയിറങ്ങിയത്.