സെന്‍റ് മേരീസ് പള്ളിതര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെന്‍റ് മേരീസ് പള്ളിതര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

കൊച്ചി: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയില്‍ യാക്കോബായാ ഓര്‍ത്തഡോക്സ് തർക്കത്തിന് താത്കാലിക പരിഹാരം. ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താൻ ആർഡിഒ നടത്തിയ ചർച്ചയിൽ തീരുമാനമായി. തീരുമാനത്തെ തുടര്‍ന്ന് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു.

ഓര്‍ത്തഡോക്സ് പക്ഷം ഇന്നലെ പുലര്‍ച്ചെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെന്‍റ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു.

അതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഓര്‍ത്തഡോക്സ് വിഭാഗം പുലര്‍ച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെന്‍റ് മേരീസ് പള്ളിയിലെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്.

ഓര്‍ത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ അമ്ബതോളം വിശ്വാസികളാണ് പള്ളിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തി. കോടതി വിധി അനുസരിച്ച്‌ തങ്ങള്‍ പള്ളിയില്‍ ആരാധനക്കായി എത്തിയതാണെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിശദീകരിച്ചു.

ഇതിനിടെ വിശ്വാസിയായ റാഹേല്‍ പൗലോസിന്റെ മൃതദേഹം പള്ളിക്കകത്ത് സംസ്കരിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍, പുറത്തുനിന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാം എന്ന ധാരണയിലെത്തി. സംസ്കാരചടങ്ങുകള്‍ക്ക് യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ഇരുപതോളം വിശ്വാസികള്‍ മാത്രമാണ് സെമിത്തേരിയില്‍ പ്രവേശിച്ചത്.