തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം : കളക്ടര്‍  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം : കളക്ടര്‍  അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശനിയാഴ്ച രാത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച  അന്തിമ റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമായി നിർമിച്ചതാണെന്നും റിപ്പോർട്ടിൽ കണ്ടെത്തി. 2014നു ശേഷമാണ് ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്.

നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്. ‘കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

 മണ്ണിട്ട് നികത്തിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ഉണ്ട്.

മന്ത്രി ഇ. ചന്ദ്രശേഖരൻ എൽ.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസർകോടാണ്. അതിനാൽ മന്ത്രി റിപ്പോർട്ട് കണ്ടിട്ടില്ല. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ, കലക്ടറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം


Loading...
LATEST NEWS