എല്‍ഡിഎഫില്‍ പൊട്ടിത്തെറി ;സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ഡിഎഫില്‍ പൊട്ടിത്തെറി ;സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫില്‍ പൊട്ടിത്തെറി. തോമസ് ചാണ്ടി പങ്കെടുത്തത്തില്‍ പ്രതിഷേധിച്ച്  മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നു.   മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസിലായിരുന്നു മന്ത്രിമാര്‍. തോമസ് ചാണ്ടിയുടെ രാജിയില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. അതേസമയം  10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

അതിനിടെ എന്‍സിപി ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി. കോടതി വിധി പരിശോധിച്ച ശേഷം രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എന്‍സിപി ദേശീയനേതൃത്വം അറിയിച്ചത്.

കോടതിയുടെ രൂക്ഷ പരാമര്‍ശം ഏറ്റുവാങ്ങിയിട്ടും രാജിവെക്കാത്ത തോമസ് ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം പോലും ബഹിഷ്‌കരിച്ചു. ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തില്‍ ഇരിക്കാന്‍ തങ്ങളില്ലെന്ന് രാവിലെ തന്നെ സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ സമാന്തരമായി സിപിഐയുടെ നാല് മന്ത്രിമാരും യോഗം ചേരുകയും ചെയ്തു.

തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് വിധി പകര്‍പ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു . വിധിപകര്‍പ്പ് വരുംവരെ രാജിയുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് 11 മണിയോടെ ലഭിക്കും.

വിധി പകര്‍പ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തോമസ് ചാണ്ടി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.ദേശീയ നേതൃത്വവുമായി ആലോചിച്ച് പറയാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും മറുപടി പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വാക്കാല്‍ രൂക്ഷ പരാമര്‍ശം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. 

അതിനിടെ, ഇന്നു രാവിലെ തോമസ് ചാണ്ടി കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണു തിരുവനന്തപുരത്തെത്തിയത്.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം ഇന്നലെ രാത്രിയും വ്യക്തമാക്കി. 

ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.