നാണക്കെട്ട് രാജിവെച്ചിറങ്ങി തോമസ് ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാണക്കെട്ട് രാജിവെച്ചിറങ്ങി തോമസ് ചാണ്ടി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിൽ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തിൽ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കാര്യങ്ങൾ അറിയിക്കുമെന്നുമാണ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. 

പാര്‍ട്ടിയിലും മുന്നണിയിലും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം സൃഷ്ടിച്ച രാജിയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. മുന്നണിപോലും പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് തോമസ് ചാണ്ടി എത്തിച്ചേര്‍ന്നത്.രണ്ട് മണിക്ക് തോമസ് ചാണ്ടിയും മാധ്യമങ്ങളെ കാണും. 

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടിയോട് ദന്തഗോപുരത്ത് നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് രാജി കൂടുതല്‍ അനിവാര്യമാക്കിയത്. ഇന്ന് രാവിലെ എട്ട് മണിക്ക് ക്ലിഫ് ഹൗസില്‍ തോമസ് ചാണ്ടുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രാജി അനിവാര്യമാണെന്ന നിലപാട് മുഖ്യമന്ത്രി ഉയര്‍ത്തി. എന്നാല്‍ ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തോമസ് ചാണ്ടി തേടി. ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ടിപി പീതാംബരനും വ്യക്തമാക്കി.

രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിനാല്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് സിപിഐ മന്ത്രിമാരുടെ കത്ത് മന്ത്രിസഭാ യോഗത്തില്‍ ലഭിച്ചു.  എന്നാല്‍ മുന്നണി മര്യാദ പാലിച്ച് തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നാണ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതില്‍ തെറ്റില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളതാണ് മന്ത്രിസഭാ യോഗം. അതില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത് തോമസ് ചാണ്ടിക്കും എന്‍സിപിക്കും നിര്‍ണായകമായി. അതുവരെ ചാണ്ടിയെ പൂര്‍ണമായും സംരക്ഷിച്ച് നിന്നിരുന്ന മുഖ്യമന്ത്രിക്ക് പോലും കൈവിടേണ്ടി വന്നു.

രാവിലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തനിക്ക് നല്‍കണമെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്.

അതേസമയം, രാജിയുടെ അനിവാര്യത മുഖ്യമന്ത്രി ധരിപ്പിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്നും മുന്നണിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി പിടിച്ച് നില്‍ക്കാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. ഇതിനായി  ഡല്‍ഹിയിലേക്ക് പോവാനൊരുങ്ങിയിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കി ഉടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങണമെന്ന് തോമസ് ചാണ്ടിക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാന്‍ തീരുമാനിച്ചത്.