തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉചിതം : ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉചിതം : ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന്‍ ഹൈക്കോടതി . കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സർക്കാരിന്‍റെ ഭാഗമാണ്. പിന്നെങ്ങനെ ഹർജി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിക്കുകയായിരുന്നു. 

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോള്‍ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതിയില്‍നിന്ന് ഉണ്ടായത്. ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയെ അറിയിച്ചു.രാവിലെ ഹര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ കോടതി ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണോയെന്ന് ഉച്ചയ്ക്ക് ശേഷം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45 ന് ഇക്കാര്യം അറിയിക്കാമെന്ന് തന്‍ഖ വ്യക്തമാക്കി.മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പിന്‍വലിക്കുന്നില്ല എന്ന് അറിയിച്ചത്.

ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, മന്ത്രി സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത . മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായില്ലെയെന്നുമുള്ള പരാമർശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായിരുന്നു.അതേസമയം, എന്‍ സി പിയിലെ ഒരു വിഭാഗം ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.