തുഷാർ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും; ആലുവയിൽ വിശദീകരണ യോഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുഷാർ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും; ആലുവയിൽ വിശദീകരണ യോഗം

കൊച്ചി: ചെക്ക് കേസിൽ അജ്‌മാനിലെ ജയിലിൽ നിന്നും മോചിതനായ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഇന്ന് നാട്ടിൽ തിരിച്ചെത്തും. വൈകിട്ട് ഏഴ് മണിക്ക് നെടുമ്പാശേരിയിൽ എത്തുന്ന തുഷാറിന് എസ്എൻഡിപി യോഗം പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് ആലുവയിൽ വിശദീകരണയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി കണിച്ചുകുളങ്ങരയിൽ എത്തിയശേഷം തുഷാർ വെളളാപ്പളളി വാർത്താ സമ്മേളനവും നടത്തും. 

ചെക്ക് കേസിലെ പരാതിക്കാരനായ നാസിൽ അബ്ദുളള സമർപ്പിച്ച രേഖകൾ വിശ്യാസ്യയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് തുഷാറിനെതിരായ ക്രിമനൽ കേസ് അജ്മാൻ കോടതി കഴിഞ്ഞ ദിവസം തളളിയത്. കേസ് തളളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകിയിരുന്നു.

അതേസമയം, തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങുകയാണ് തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക.