ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് സൂചന. തൃശൂരോ ചാലക്കുടിയിലോ വടക്കൻ സ്ഥാനാർഥിയായേക്കും. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നൽകുന്നതെന്ന് ടോം വടക്കൻ ആവർത്തിക്കുന്നതെങ്കിലും സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് കൂടുതൽ. 

 നേരത്തെ കോൺഗ്രസിൽ തൃശൂർ നിന്ന് മത്സരിക്കാൻ വടക്കൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ  സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നി‍‍‍ർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിക്കുന്നതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. 

മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ മൂന്ന് ദിവസത്തിനകമാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും.