തിരുവനന്തപുരത്ത് സമഗ്ര ടൂറിസം വികസനം: 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി കടകംപള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തിരുവനന്തപുരത്ത് സമഗ്ര ടൂറിസം വികസനം: 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനായെന്ന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമയബന്ധിതമായി ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ, തിരുവനന്തപുരം ജില്ലയുടെ സമഗ്ര ടൂറിസം വികസനമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. രാജ്യത്തെ പ്രമുഖ ആര്‍ക്കിടെക്ടുകള്‍ തയ്യാറാക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതോടെ തിരുവനന്തപുരത്തിനും കേരളത്തിനുമാകെ അഭിമാനിക്കാവുന്ന ടൂറിസം പദ്ധതികളാണ് നടപ്പാകാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി യാഥാര്‍ത്ഥ്യമാക്കും.

വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 12 മാസത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. വേളിയില്‍ അര്‍ബന്‍ പാര്‍ക്ക് വികസനത്തിന് 4.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഈ പദ്ധതിയും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

കനകക്കുന്ന് കൊട്ടാരത്തില്‍ ഡിജിറ്റല്‍ മ്യൂസിയത്തിന് 6 കോടി രൂപയും, കൊട്ടാരത്തിന്റെ പൈതൃക സംരക്ഷണത്തിനായി 3 കോടി രൂപയുടെയും പദ്ധതികള്‍ നടപ്പാക്കും. ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപയും, ഈ പദ്ധതിയുടെ ഓപ്പറേഷനും മെയിന്റന്‍സിനുമായി ഒരു കോടി രൂപയുമാണ് അനുവദിച്ചത്.

കോവളം സമുദ്രാ ബീച്ച് പാര്‍ക്ക് ഏരിയയും, ഗ്രോവ് ബീച്ച് ഏരിയയും വികസിപ്പിക്കുന്നതിനായി 9.90 കോടി രൂപ ചെലവഴിക്കും. യോഗ പാര്‍ക്കും, ടോയ് ലെറ്റുകളും, 88 പേര്‍ക്ക് ഇരിക്കാവുന്ന ബോട്ട് മാതൃകയിലുള്ള ഇരിപ്പിട സംവിധാനവും, കഫേ സൗകര്യവും, കല്ലുകള്‍ പാകിയ നടപ്പാതയും, സൈക്കിള്‍ പാതയും, പൂന്തോട്ടവും, റോളര്‍ സ്കേറ്റിംഗ് നടത്താനാകുന്ന കോട്ടാ സ്റ്റോണ്‍ പാകിയ തറയും, പോലീസ് എയ്ഡ് പോസ്റ്റും, ലൈഫ് ഗാര്‍ഡ് കിയോസ്കുകളും, സിസി ടിവി സംവിധാനവും അടക്കമുള്ളവ ഇവിടെ ഒരുക്കം. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9.34 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ആക്കുളത്ത് പുതിയ കവാടവും, ചുറ്റുമതിലും, പുതിയ മ്യൂസിക്കല്‍ ഫൗണ്ടനും, ടോയ് ലറ്റ് നവീകരണവും, കൃത്രിമ വെള്ളച്ചാട്ടവും, കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണവും, 12 ഡി തീയേറ്ററും, ഹില്‍ ടോപ്പില്‍ ആംഫി തീയേറ്ററും അടക്കം ഒട്ടേറെ വികസനപദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 18 മാസം കൊണ്ട് ആക്കുളം ടൂറിസ്റ്റ് വില്ലേജ് നവീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

വര്‍ക്കലയിലെ ബീച്ച് ടൂറിസം വികസനത്തിന് 8.99 കോടി രൂപയാണ് അനുവദിച്ചത്. 18 മാസം കൊണ്ട് വര്‍ക്കല ബീച്ച് വികസനം പൂര്‍ത്തിയാക്കാനാണ് ഉത്തരവ്.

ശംഖുമുഖം ബീച്ച് പ്രവേശന ഭാഗത്തിന്റെ വികസനത്തിനും ശംഖുമുഖം അര്‍ബന്‍ പ്ലാസ വികസനത്തിനുമായി 4.62 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ടൂറിസം വകുപ്പ് മുഖേന ഈ പദ്ധതി നടപ്പാക്കാനാണ് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കിയത്.