ടിപി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല: സര്‍ക്കാരിന്റേത് ആസൂത്രിത നീക്കം  ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിപി കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല: സര്‍ക്കാരിന്റേത് ആസൂത്രിത നീക്കം  ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം : സോളാര്‍ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ആസൂത്രിത നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രി സഹായിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറുകാണിക്കണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്റെ അറിവില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അതിനെ കുറിച്ച് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ മറുപടി പറയണം. ടിപി കേസ് കോണ്‍ഗ്രസ് ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. വിന്‍സന്‍ എം പോളിനെ പോലുള്ള പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. കേസ് കോടതിയില്‍ തെളിഞ്ഞതാണ്. പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. കേസ് സംബന്ധിച്ച് തന്റെ കൈയില്‍ തെളിവുകളൊന്നുമില്ല. ടിപി വധകേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നു. ഇത് കോടതി അംഗികരിച്ചതാണ്. കേസില്‍ കുഞ്ഞനന്തനപ്പുറം പ്രതികളുണ്ടോ എന്ന് പറയേണ്ടത് അന്വേഷണ സംഘമാണ്. തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

ഒരു മുഖ്യമന്ത്രിയോട് സഹമന്ത്രി ചെയ്യേണ്ട ഉത്തരവാദിത്വമാണ് താന്‍ കാണിച്ചതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നീക്കങ്ങള്‍ കുട്ടിക്കളിയായി കാണുന്നില്ല. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഒരു പാട് പാപഭാരം വഹിക്കേണ്ടി വരും. മനുഷ്യത്വമുള്ള ആരെങ്കിലും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് കരുതുന്നില്ല. തിരുവഞ്ചൂര്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടിയെ രക്ഷിക്കുന്നതിനായി തനിക്കു കീഴിലെ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചുവെന്നായിരുന്നു സോളർ കമ്മിഷന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര-വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ സോളാര്‍ കേസില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിര സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.


LATEST NEWS