കൊച്ചി മെട്രോ  വാക്കുപാലിച്ചു;  23 ഭിന്നലിംഗക്കാര്‍ക്കാണ്  നിയമനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മെട്രോ  വാക്കുപാലിച്ചു;  23 ഭിന്നലിംഗക്കാര്‍ക്കാണ്  നിയമനം

കൊച്ചി: ഭിന്നലിംഗക്കാര്‍ക്ക്‌ ജോലിനല്‍കുന്ന ആദ്യ സര്‍ക്കാര്‍കമ്പനിയെന്ന സല്‍പ്പേര് ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം.ഒടുവില്‍ വാക്ക് പാലിച്ച് കൊച്ചി മെട്രോ. 23 ഭിന്നലിംഗക്കാര്‍ക്കാണ് കൊച്ചി മെട്രോയില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് എന്നീ തസ്തികകളിലാണ് നിയമനം. ഇവര്‍ക്ക് രണ്ടാഴ്ചയോളം പരിശീലനം കെഎംആറില്‍ നല്‍കി കഴിഞ്ഞു. അടുത്തയാഴ്ച അവസാനത്തോടെ പരിശീലനത്തിനായി ഇവര്‍ വീണ്ടുമെത്തും.

 18 പേരെ ഹൗസ് കീപ്പിങ്ങിലും അഞ്ചുപേരെ ടിക്കറ്റിങ് വിഭാഗത്തിലുമാണ് നിയമിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസിനാണിത്. ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ 60 പേരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. ഭിന്നലിംഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കിയ കൊച്ചി മെട്രോ അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടിക്കഴിഞ്ഞു.

കുടുംബശ്രീ പ്രവര്‍ത്തകരായ 530 പേര്‍ക്ക് നിയമനം നല്‍കിയതിലാണ് ഭിന്നലിംഗക്കാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഭിന്നലിംഗക്കാരെ ഇത്തരത്തില്‍ തൊഴിലിനായി പരിഗണിക്കുന്നത്. കുടുംബശ്രീയും, പൊലീസും ചേര്‍ന്ന് യോഗ്യരായവരെ കണ്ടെത്തി കെഎംആര്‍എല്ലിന് പട്ടിക സമര്‍പ്പിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കെഎംആര്‍എല്‍ ഇവരെ പരിശീലനത്തിന് വിളിക്കുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് ഇവരെ ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് എന്നീ തസ്തികകളിലേക്ക് വിഭജിച്ചത്.


പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാംഘട്ടത്തിന് കൂടുതല്‍പേരെ തിരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങി. ഇവര്‍ക്ക് കൊച്ചിയില്‍ ഒരുമാസത്തെ പരിശീലനം നല്‍കി. വ്യക്തിത്വവികസനം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു പരിശീലനം. പരിശീലനം എല്ലാവരും മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു.


LATEST NEWS