ഒരു തരി സ്വർണം പോലും നഷ്ടമായിട്ടില്ല;ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എ പത്മകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു തരി സ്വർണം പോലും നഷ്ടമായിട്ടില്ല;ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എ പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയിൽ നിന്ന് ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. നിലവിലെ വിവാദം അനാവശ്യമാണെന്നും പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

ഈ വാര്‍ത്തയ്ക്ക് പിന്നിൽ ദേവസ്വം ബോര്‍ഡിലെയോ ഓഡിറ്റ് വിഭാഗത്തിലെയോ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനാണ്. പരിശോധനയിൽ ഒരു പവൻ്റെ എങ്കിലും വ്യത്യാസം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്. ഇതുവരെ ഒരു ക്രമക്കേടും ബോര്‍ഡിന് മനസിലായിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങളെ കുറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതിനുശഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായത്. മോഹനന്‍ എന്ന ഈ ഉദ്യോഗസ്ഥന്‍ തന്‍റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വം ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് ചുമതല കൈമാറും മുന്‍പ് ഓഡിറ്റിംഗ് നടത്തണമെന്ന് ചട്ടം പാലിച്ചാണ് നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കുക്കുന്നതെന്നും ദേവസ്വം ബോര്‍ഡ‍് പ്രസിഡന്‍റ് പറഞ്ഞു. 

2017-ന് ശേഷം മൂന്ന് വര്‍ഷത്തെ വഴിപാട് വസ്തുകളാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകള്‍ ഇല്ലാത്തത്. നാളെ 12 മണിക്കാണ് സ്ട്രോംഗ് റൂം മഹസര്‍ പരിശോധിക്കുക. ആറന്മുളയിലുള്ള സ്ട്രോംഗ് റൂം മഹസറാണ് പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക. 
 


LATEST NEWS