മോദിമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ? തുഷാർ രാജ്യസഭയിലേക്കെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദിമന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ? തുഷാർ രാജ്യസഭയിലേക്കെന്ന് സൂചന

ലോക്സഭാ തിരഞ്ഞെടുപ്പിൽ  രാഹുൽഗാന്ധിക്കെതിരെ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഡിജെഎസ് വർക്കിങ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എംപിയാകാൻ സാധ്യത. അദ്ദേഹത്തെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാനുള്ള സാധ്യത നേതൃത്വം സ്വീകരിച്ചതായി സൂചന . ഇതുസംബന്ധിച്ചു സ്ഥാനാർഥി ചർച്ചാസമയത്തുതന്നെ ബിജെപിയുമായി ധാരണയായെന്നാണു ലഭിക്കുന്ന വിവരം .കഴിഞ്ഞ തവണ മുതൽ എൻഡിഎ ഘടകകക്ഷിയായ സംഘടനയ്ക്കു കേന്ദ്രഭരണത്തിൽ അർഹമായ പ്രാതിനിധ്യവും പരിഗണനയും ലഭിച്ചില്ലെന്ന പരാതിയുണ്ട്. പലപ്പേ‍ാഴും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ പ്രകടമായി രംഗത്തെത്തി. മുന്നണിയിൽ തുടരുന്നത് പുനരാലേ‍ാചിക്കുന്നതിലേക്കുവരെ ചർച്ച നീണ്ടു. പ്രശ്നം രൂക്ഷമായതേ‍ാടെ ചില കേന്ദ്രസ്ഥാപനങ്ങളുടെ തലപ്പത്തു സംഘടനയുടെ ന‍ോമിനികളെ നിയമിക്കാന്‍ സാധിച്ചു.ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുമായി നടത്തിയ നീണ്ട ചർച്ചയ്ക്കുശേഷമാണ് തുഷാർ ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ സ്ഥാനാർഥിയായത്. ആദ്യം തൃശൂരിൽ പ്രചാരണം ആരംഭിച്ചെങ്കിലും രാഹുൽ വയനാട്ടിലെത്തിയതേ‍ാടെ അദ്ദേഹം അവിടെ എൻഡിഎ സ്ഥാനാർഥിയായി. രാഹുലിനെതിരെ മത്സരിച്ചു സംഘടനയെ ദേശീയശ്രദ്ധയിൽ എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തുഷാറിനെ എംപിയാക്കുന്നതുവഴി ആ സമുദായത്തിന്റെ വിശ്വാസം ഉറപ്പിച്ചു നിർത്താനാകുമെന്നു ബിജെപി പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തിനു കേന്ദ്രത്തിൽ രണ്ടു മന്ത്രിമാരെ ലഭിക്കാനുള്ള സാധ്യതയും ബിജെപി നേതൃത്വത്തിനുള്ളിൽ ചർച്ചയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയിൽ രാജ്യസഭാ അംഗമായ അൽഫോൻസ് കണ്ണന്താനം തന്നെ മന്ത്രിയാകും. രണ്ടാതായി കുമ്മനത്തിന്റെയും വി.മുരളീധരന്റെയും പേരുകൾ കേൾക്കുന്നുണ്ടെങ്കിലും കുമ്മനത്തിനാണു മന്ത്രിസ്ഥാന സാധ്യത കൂടുതൽ. മിസേ‍ാറമിൽ ഗവർണറായ അദ്ദേഹം ആർഎസ്എസ് നിർദേശമനുസരിച്ചു സ്ഥാനം രാജിവച്ചാണു തിരുവനന്തപുരത്ത് മത്സരിച്ചത്.കേന്ദ്രനേതൃത്വത്തിനുതന്നെ ഏറെ താൽപര്യമുള്ള മത്സരമായിരുന്നെങ്കിലും കുമ്മനം തേ‍ാറ്റു. അദ്ദേഹത്തിനു സ്ഥാനം നൽകുന്നതിലൂടെ നായർ സമുദായത്തിനു കേന്ദ്രത്തിൽ പ്രാതിനിധ്യം ഉറപ്പിക്കാനാകും. അതേസമയം, അദ്ദേഹത്തെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വി.മുരളീധരൻ എംപിക്കു ദേശീയ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിപേ‍ാലെ ഉയർന്ന പദവി ലഭിച്ചേക്കും. പ്രചാരണത്തിന് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. തിരഞ്ഞെടുപ്പിൽ കേരളം ബിജെപിയെ പൂർണമായി കൈവിട്ടെങ്കിലും വികസനപദ്ധതികൾ കേന്ദ്രസർക്കാർ പ്രതിനിധികൾ മുഖേന നടപ്പാക്കാനായിരിക്കും കേന്ദ്രസർക്കാരിന്റെ നീക്കം


LATEST NEWS