ഉനൈസിന്‍റെ കസ്റ്റഡി മരണം; സംഭവത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം വേണമെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉനൈസിന്‍റെ കസ്റ്റഡി മരണം; സംഭവത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സ്വദേശിയായ ഉനൈസ് എന്ന ചെറുപ്പക്കാരന്‍ പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

എടക്കാട് പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഉനൈസ് ഈ മാസം രണ്ടിന് മരിച്ചത്. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസിന് സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദ്ദനമാണേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉനൈസിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. 

മാത്രമല്ല, ലോക്കപ്പില്‍ വച്ച്‌ തല്ലിക്കൊന്ന ശേഷം മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എടക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഉനൈസിന്റെ ബന്ധുക്കളുടെ പരാതിയിലുണ്ട്. 

ഭാര്യയും നാല് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ദ്ധന കുടുംബമാണ് ഉനൈസിന്റെ മരണത്തോടെ അനാഥരായത്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ അതിഭീകരമായ തോതില്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ഇതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.