വ്യവസായി വി. എം രാധാകൃഷ്ണന്‍റെ സ്വത്ത് കണ്ടു കെട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യവസായി വി. എം രാധാകൃഷ്ണന്‍റെ സ്വത്ത് കണ്ടു കെട്ടി

വ്യവസായി വി.എം.രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി.

2004-2008 കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍,ഫഌറ്റ് എന്നിവ ഇതില്‍പ്പെടും. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതി നടന്ന കാലഘട്ടത്തിലായിരുന്നു സ്വത്തുക്കള്‍ സമ്പാദിച്ചത്. ഈ സമയത്തായിരുന്നു മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവും.

ഈ വര്‍ഷം മാര്‍ച്ചിലാണ് മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങിയത്. പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്പാകെയാണ് കീഴടങ്ങിയത്. മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു  കീഴടങ്ങല്‍. മുന്‍കൂര്‍ ജാമ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഫ്‌ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ ഓഫീസറെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്.കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്നും കോടതി ചോദിച്ചിരുന്നു.


LATEST NEWS