ദിവ്യ എസ് അയ്യരുടെ നടപടി തെറ്റെന്ന് കളക്ടര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദിവ്യ എസ് അയ്യരുടെ നടപടി തെറ്റെന്ന് കളക്ടര്‍

തിരുവനന്തപുരം: സ്വകാര്യ വ്യക്തി കയ്യേറിയ വര്‍ക്കലയിലുള്ള വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി.27 സെന്റ്ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി ലഭിച്ചത്. സ്വകാര്യവ്യക്തിക്ക് ഈ ഭൂമി കൈമാറിയ സബ്കലക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നുവെന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍ നേരത്തെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

 

സര്‍വേ, റവന്യു ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. വര്‍ക്കല അയിരൂര്‍ വില്ലേജിലെ 27 സെന്റ് റോഡ് പുറമ്പോക്ക് ഭൂമിയാണു ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്കു കൈമാറിയത്. ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഭൂമി അളന്നു വേര്‍തിരിച്ച് ഏറ്റെടുക്കാനാണു തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും.

 

തര്‍ക്കമുണ്ടായ ഭൂമിക്കു സമീപം സ്ഥലമുള്ള വ്യക്തി 27 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. പഞ്ചായത്തു തന്നെ ഈ പരാതി ഉന്നയിക്കുകയും റവന്യു അധികാരികള്‍ ഈ സ്ഥലം അളന്ന് സര്‍ക്കാര്‍ഭൂമി വേര്‍തിരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭൂമി കൈയ്യേറിയ വ്യക്തി പരാതിയുമായി ജില്ലാ ഭരണകൂടത്തിനു മുന്നിലെ‌ത്തി.

 

കേസ് പരിഗണിച്ച സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ സ്ഥലം സ്വകാര്യ വ്യക്തിക്കുതന്നെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടു. ഇതു വിവാദമായതോടെ ഭൂസംരക്ഷണ നിയമപ്രകാരമാണു ഭൂമി വിട്ടുനല്‍കിയതെന്നു സബ്കലക്ടർ വിശദീകരണം നൽകി. സ്ഥലം എംഎല്‍എ വി.ജോയി പരാതിയുമായി റവന്യുമന്ത്രിയെ സമീപിച്ചു. വന്യുമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യുകമ്മിഷണര്‍ തിരുവനന്തപുരം ജില്ലാ കലക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

 

പരാതിക്കാരിയെ ഹിയറിങിനു വിളിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണു കലക്ടറുടെ നടപടി. ഭൂമിവിവാദത്തെ തുടര്‍ന്നു സബ്കലക്ടറെ തല്‍സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.