പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമർശം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമർശം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ

കൊച്ചി: എറണാകുളം പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതിയുടെ പരാമർശം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ബഹു. ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതായും നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപട്ടണമായി നാടിനെ തരംതാഴ്ത്താനാവില്ലെന്ന് പരാമർശിച്ചതായും മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ല. കേവലം നിയമത്തിലെ സാങ്കേതിക വശങ്ങൾ മാത്രമാണ് കണക്കിലെടുത്തതായി കാണുന്നത്. ഇന്ത്യയിലെ വൻകിടക്കാരുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളിയത് ഏതാണ്ട് 2.5 ലക്ഷം കോടി രൂപയാണ്. വായ്പാ കുടിശ്ശികയായി പത്തു ലക്ഷം കോടി രൂപയോളം നിലവിലുണ്ട് താനും.

വൻകിടക്കാർക്ക് വേണ്ടി ഇത്രയും വൻ തുക എഴുതിത്തള്ളുകയും അതിൻറെ നാലിരട്ടി തുക വായ്പ കുടിശ്ശികയായി (എൻ. പി. എ) നിലനിൽക്കുകയും ചെയ്യുമ്പോഴാണ് കേവലം തുച്ഛമായ രണ്ട് ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ അവരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കിക്കൊണ്ട് കോടതി വിധിയിലൂടെ പെരുവഴിയിലേക്ക് തള്ളിവിടുന്നത് എന്നും അദ്ദേഹം പറഞ്ഞു .

ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയ്ക്ക് വന്നില്ലെന്നത് ദുഃഖകരമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശനിഷേധമാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഏത് നിയമവും മനുഷ്യനന്മയ്ക്ക് വേണ്ടിയാണ്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങൾക്കെതിരെ ശക്തമായ ജന പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്.

ഇത്തരത്തിലുള്ള ഭൂമി തട്ടിയെടുക്കാൻ വെമ്പൽകൊള്ളുന്ന ഭൂമാഫിയയ്കക് ഒത്താശ ചെയ്യുന്ന ബാങ്ക് അധികൃതർ സാധാരണക്കാരുടെ കാര്യത്തിൽ മാത്രമാണ് ഈ രീതിയിലുള്ള കടുംപിടുത്തവുമായി മുന്നോട്ടു പോകുന്നത്. കോടീശ്വരൻമാരായ വമ്പന്മാരോട് സഹാനുഭൂതി കാട്ടി കോടികൾ എഴുതി തള്ളുമ്പോൾ, അവരുടെ വൻ കുടിശിക പിരിച്ചെടുക്കുന്നതിൽ നിഷ്ക്രിയത പാലിക്കുമ്പോൾ സാധാരണക്കാരായ ഷാജി- പ്രീത ദമ്പതിമാരോട് അതിക്രൂരത കാട്ടുന്ന ബാങ്ക് അധികൃതരുടെയും പാവങ്ങളുടെ നിസ്സഹായത ചൂഷണം ചെയ്ത് കൊള്ള ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന മനുഷ്യത്വമില്ലാത്ത പ്രമാണിമാരുടെയും നിലപാട് തികച്ചും അപലപനീയമാണ് എന്നും സുധീരൻ പറഞ്ഞു.