രൂക്ഷമായ കടലേറ്റത്തിൽ തീരദേശത്തെ ജനജീവിതം താറുമാറായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂക്ഷമായ കടലേറ്റത്തിൽ തീരദേശത്തെ ജനജീവിതം താറുമാറായി

അമ്പലപ്പുഴ: അമ്പലപ്പുഴ തീരത്ത് ജനങ്ങളെ ഭീതിയിലാക്കി അതിരൂക്ഷമായ കടലേറ്റം. വളഞ്ഞവഴി മുതല്‍ പുന്നപ്ര വരെയുളള തീരത്താണ് ചൊവ്വാഴ്ച രാവിലെ ശക്തമായ കടലേറ്റം വൈകിയും തുടരുന്നത്. നീര്‍ക്കുന്നത്ത് ഒരു വീട് തകര്‍ന്നു. മറ്റൊരുവീട് പൊളിച്ചുനീക്കി. പലയിടത്തും കടല്‍ഭിത്തി ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്.

അമ്പലപ്പുഴ വടക്ക് നീര്‍ക്കുന്നം പുതുവല്‍ ഷാജിയുടെ വീടാണ് തകര്‍ന്ന് തുടങ്ങിയത്. വീടിന്റെ അടിത്തറയാണ് തകര്‍ന്നിട്ടുള്ളത്. ഏത് നിമിഷവും അപകടത്തില്‍പ്പെടാവുന്ന വീട്ടിലാണ് ഷാജിയും കുടുംബവും കഴിയുന്നത്. നീര്‍ക്കുന്നം പുതുവല്‍ ഹംസാബീവിയുടെ വീട് പൊളിച്ചുനീക്കി. 

കഴിഞ്ഞ കടലേറ്റത്തില്‍ വീട് ഭാഗികമായി തകര്‍ന്നതിനെത്തുടര്‍ന്ന് കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. നീര്‍ക്കുന്നം പുതുവല്‍ ബോസിന്റെ വീട് തകര്‍ച്ചാഭീഷണിയിലാണ്. അമ്പലപ്പുഴയ്ക്കും പുന്നപ്രയ്ക്കുമിടെയിലുള്ള പ്രദേശത്ത് ഏതാനും ദിവസങ്ങളായി കടല്‍ പ്രക്ഷുബ്ധമാണ്. ശക്തമായി തിരമാലകളടിച്ച് കടല്‍ഭിത്തി ദുര്‍ബലമായി. മണ്‍സൂണ്‍കാലത്തെ കടലേറ്റം മുന്നില്‍ കണ്ട് കടല്‍ഭിത്തി ബലപ്പെടുത്താന്‍ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല.

നൂറുകണക്കിന് വള്ളങ്ങള്‍ മീന്‍പിടിത്തത്തിനായി ആശ്രയിക്കുന്ന പുന്നപ്ര ഫിഷ്‌ലാന്‍ഡിങ് സെന്ററും ഭീഷണിയിലാണ്. ഇതുമൂലം ആഴ്ചകളായി പുന്നപ്ര കേന്ദ്രീകരിച്ചുള്ള മീന്‍പിടിത്തവും നിലച്ചിരിക്കുകയാണ്.