മേപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളായിക്കിയത് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളായിക്കിയത് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം

വയനാട് മേപ്പാടി കള്ളാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റ് നേതാവ് വിക്രം ഗൌഡയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ്. സംഘത്തില്‍ സോമന്‍ ഉള്‍പ്പെടെ നാലുപേരുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കായി കള്ളാടി വനമേഖലയില്‍ പൊലീസ് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ ശക്തമാക്കി.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കള്ളാടിയിലെ എമറാള്‍ഡ് റിസോര്‍ട്ടില്‍ മാര്‍ബിള്‍ ജോലിക്കെത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ സായുധധാരികളായ സംഘം തടഞ്ഞുവച്ചിരിക്കുന്നതായി പൊലീസിന് വിവിരം ലഭിക്കുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെത്തി മറ്റൊരു റിസോര്‍ട്ടിലെ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയോടെ മറ്റ് രണ്ട് പേരും സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി. ഇവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്രം ഗൌഡയിടെയും സോമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സായുധധാരികളെന്ന് പൊലീസിന് സൂചന ലഭിച്ചത്.

ഒരു സ്ത്രീ ഉള്‍പ്പെടെ നാലംഗസംഘമാണ് കള്ളാടിയിലെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെ പൊലീസ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ കള്ളാടി തൊള്ളായിരം കണ്ടിയിലും പ്രദേശത്തെ വനമേഖകളിലും ഇവര്‍ക്കായി ആരംഭിച്ച തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.