തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതയാണോ? സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ !

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതയാണോ? സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ !

തൊഴിലിടങ്ങളിലെ സുരക്ഷ

വീട്ടില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പല സ്ത്രീകളും സുരക്ഷിതരല്ല. തൊഴില്‍ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് ഇക്കാര്യം പുറത്തുപറയാത്തവരാകും അധികവും. 1997 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാര്‍ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കണം. സ്വകാര്യ തൊഴിലുടമകള്‍ക്കും ഈ വിധി ബാധകമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുള്ള വാക്ക്, നോട്ടം, സ്പര്‍ശം, തുടങ്ങിയവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്നതും പകുതിയിലധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്ന സമിതിയെ അന്വേഷിക്കാന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശമുണ്ട്.

 

അശ്ലീല ചിത്രീകരണം
സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്ന സ്ത്രീകളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഇത് വരുന്നത്. 1986ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍ കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒരുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

 

പൂവാലന്മാരും സൂക്ഷിക്കുക
കോളേജിലും ബസ് സ്റ്റോപ്പിലുമെല്ലാം സര്‍വസാധാരണമായി കണ്ടുവരുന്ന പൂവാലന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവരെ കുടുക്കാനും നമുക്ക് നിയമമുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് പൂവാലന്മാര്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇതിനെ കണ്ടില്ല എന്നു നടിക്കും. പൂവാലന്മാര്‍ പലപ്പോഴും നിരുപദ്രവകാരികളായിരിക്കുമെങ്കിലും പൊതുസ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിക്കുന്ന വിരുതന്മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് മൂന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലാത്തതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു.

നിയമ നിര്‍മാണം നടത്തുന്നതുവരെ പൂവാലശല്യം തടയുന്നതിന് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ് സ്റ്റാന്റ്, റെയില്‍വേസ്‌റ്റേഷന്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളണം.

ബസ് യാത്രക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ്സ് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ്‌സ്‌റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് പ്രസ്തുത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

 

നിയമങ്ങള്‍ ഇത്രയൊക്കെ ശക്തമായ സുരക്ഷിതത്വം സ്ത്രീക്ക് നല്‍കുന്നുണ്ടെങ്കിലും സ്ത്രീയുടെ അഭിമാനത്തേയും അന്തസിനേയും ചോദ്യം ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ഇതിന് തടയിടണമെങ്കില്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവന്നേ മതിയാകൂ.