കോതമംഗലത്ത് മുൻസിഫ് കോടതി സർക്കാർ പരിഗണനയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോതമംഗലത്ത് മുൻസിഫ് കോടതി സർക്കാർ പരിഗണനയിൽ

കൊച്ചി: കോതമംഗലത്ത് മുൻസിഫ് കോടതി വേണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചു വരുന്നതായി  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ മുവാറ്റുപുഴ മുൻസിഫ് കോടതിയെ ആണ് ആശ്രയിക്കുന്നതെന്നും അതിനാൽ കോതമംഗലത്ത് മുൻസിഫ് കോടതി ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിൽ ആഭ്യന്തര വകുപ്പിൽ C5/36/17 ആഭ്യന്തരം എന്ന ഫയലിൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ എന്നുമുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടി ആയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
നിലവിൽ കോതമംഗലത്തുള്ള രണ്ട് മജിസ്ട്രേറ്റ് കോടതികളിൽ ഒന്നിൽ മുൻസിഫ് ചാർജ് കൊടുത്ത് മുൻസിഫ് കം മജിസ്ട്രേറ്റ് കോടതി ആക്കി മാറ്റിയാൽ അധിക ചെലവില്ലാതെ മുൻസിഫ് കോടതി ആരംഭിക്കുവാൻ കഴിയുമോ എന്നും,ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നും എന്തെങ്കിലും റിപ്പോർട്ട് സർക്കാരിൽ ലഭ്യമായിട്ടുണ്ടോ എന്നും എംഎൽഎ നിയമസഭയിൽ ചോദിച്ചു.

നിലവിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 1 നെ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയായി പരിവർത്തനം ചെയ്യുന്നതിനുള്ള ഹൈക്കോടതി രജിസ്ട്രാറുടെ പ്രൊപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചിരുന്നതായും 25 തസ്തികയോളം പുതുതായി സൃഷ്ടിക്കേണ്ടതിനാൽ പ്രളയാനന്തര സംസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകേണ്ടതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും  മുഖ്യമന്ത്രി നിയമസഭയിൽ ആന്റണി ജോൺ എംഎൽഎയെ അറിയിച്ചു.


LATEST NEWS